atma books

Sep 20, 20201 min

ഫ്രാന്‍സിസിന്റെ പ്രലോഭനങ്ങള്‍

പ്രലോഭനങ്ങള്‍ ഏതൊരാളുടെയും ജീവിതത്തിന്റെ ഭാഗമാണ്. പ്രലോഭനം ഉണ്ടാകാത്തതുകൊണ്ട് ഒരാള്‍ വിശുദ്ധനെന്നോ അയാളുടെ ജീവിതം വിശുദ്ധമാണെന്നോ പറയാനാവില്ല. എന്നാല്‍ പ്രലോഭനങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയിലൂടെയാണ് ഒരാള്‍ വിശുദ്ധനാകുന്നത്. ലോകത്തെ മുഴുവന്‍ പരിത്യജിച്ച ഫ്രാന്‍സിസിന്റെ ജീവിതത്തിലും പ്രലോഭനങ്ങളുണ്ടായിരുന്നു. പക്ഷേ വിശുദ്ധന്‍ അതിനെ എങ്ങനെയാണ് സമീപിച്ചത് എന്നതാണ് ശ്രദ്ധേയം.

സ്വന്തമായുള്ള ഒരു കുടുംബം ഭാര്യയും മക്കളും അടങ്ങുന്ന ജീവിതം ഏതൊരു ചെറുപ്പക്കാരന്റെയും സ്വപ്‌നവും ആഗ്രഹവുമൊക്കെയാണ്. ഫ്രാന്‍സിസിനെ പ്രലോഭിപ്പിക്കാനായി അയാളുടെ ജീവിതത്തിലേക്കും ഒരുനാള്‍ കടന്നുവന്നു അത്തരമൊരു ചിന്ത. തനിക്ക് ആ പ്രലോഭനത്തെ അതിജീവിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായപ്പോള്‍ ഫ്രാന്‍സിസ് എന്തു ചെയ്തുവെന്നോ, കുടിലിന് പുറത്തെ മഞ്ഞിലേക്ക് എടുത്തുചാടി. പിന്നെ മഞ്ഞുകൊണ്ട് കുറെ ആള്‍രൂപങ്ങള്‍ ഉണ്ടാക്കി. ഓരോ രൂപങ്ങള്‍ക്കും ഓരോ വിശേഷണങ്ങള്‍ നല്കി. ഇത് ഭാര്യ... ഇത് മക്കള്‍...

പിന്നീടൊരിക്കല്‍ ശക്തമായ മറ്റൊരു പ്രലോഭനവും ഫ്രാന്‍സിസിനുണ്ടായി. പ്രാര്‍ത്ഥന കൊണ്ടോ പരിത്യാഗം കൊണ്ടോ പ്രലോഭനത്തെ അതിജീവിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായപ്പോള്‍ വസ്ത്രങ്ങള്‍ ഉരിഞ്ഞുമാറ്റി പോര്‍സ്യൂങ്കുലായുടെ മുമ്പിലുണ്ടായിരുന്ന റോസത്തോട്ടത്തിലേക്ക് എടുത്തുചാടി. റോസചെടികള്‍ക്ക് മുകളിലൂടെ ഫ്രാന്‍സിസ് ഉരുണ്ടു. കൂര്‍ത്തമുള്ളുകള്‍ ശരീരത്തില്‍ കുത്തിക്കയറി. ഇന്ന് ലോകത്തിലെ മുള്ളുകളില്ലാത്ത ഏക റോസ പോര്‍സ്യൂങ്കുളായില്‍ ഫ്രാന്‍സിസ് കിടന്നുരുണ്ട റോസയുടെ പില്‍ക്കാലതലമുറയിലേതാണ് എന്ന് അനുബന്ധം.

    160
    0