top of page

അവനവന്‍ കണ്ടത്തേണ്ട ആനന്ദങ്ങള്‍

അസ്സീസിയിലെ ഫ്രാന്‍സിസിനെ നിലവിലുള്ളതില്‍ നിന്ന് വ്യത്യസ്തമായി മറ്റെന്തിന്റെയെങ്കിലും മധ്യസ്ഥനായി കൂടി പ്രഖ്യാപിക്കാന്‍ കഴിയുമോ? ഉവ്വ് തീര്‍ച്ചയായും. ആനന്ദത്തിന്റെ മധ്യസ്ഥനാണ് ഫ്രാന്‍സിസ്.


പുണ്യവാന്റെ ജീവിതം മുഴുവന്‍ നാം കണ്ടെത്തുന്നത് ആനന്ദമാണ്. ആനന്ദിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാ മനുഷ്യരും. എന്നാല്‍ അങ്ങനെയൊരു ആനന്ദത്തിന്റെ അനുഭവത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ ജീവിതം അയാള്‍ ആഗ്രഹിക്കുന്നതുപോലെയായിരിക്കണമെന്നൊരു ശാഠ്യമുണ്ട്. വിചാരിക്കുന്നതുപോലെയെല്ലാം സംഭവിക്കുമ്പോള്‍... ആഗ്രഹിക്കുന്നതുപോലെ മറ്റുള്ളവര്‍ പെരുമാറുമ്പോള്‍... സ്വപ്‌നം കാണുന്നതെല്ലാം സ്വന്തമായി കഴിയുമ്പോള്‍... അപ്പോഴെല്ലാം ജീവിതം ആനന്ദപ്രദമാകുമത്രെ!

എന്നാല്‍ ആത്മീയതയിലെ ആനന്ദം അത്തരത്തിലുളളതാണോ... ഒരിക്കലുമല്ല. ആത്മീയതയിലുള്ള ആനന്ദത്തെ അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ആഘോഷിക്കുകയും അനുഭവിക്കുകയും ചെയ്ത വിശുദ്ധര്‍ ഫ്രാന്‍സിസിനെ പോലെ അധികം പേരുണ്ടാവില്ല. അല്ലെങ്കില്‍ ഒരേയൊരു ഫ്രാന്‍സിസ് മാത്രമേ കാണുകയുള്ളൂ. ഫ്രാന്‍സിസ് അസ്സീസിയുടെ ജീവിതദര്‍ശനം തന്നെ ആനന്ദമായിരുന്നു. ആ ജീവിതദര്‍ശനത്തെ അപഗ്രഥിക്കാനുള്ള ശ്രമമാണ് അലോഷ്യസ് കാട്ടടി എഴുതി ഫാ. മാത്യു പനച്ചിപ്പുറം പരിഭാഷപ്പെടുത്തിയ ആനന്ദം പരമാനന്ദം എന്ന കൃതി.

ആനന്ദത്തെ ലൗകികതലത്തില്‍ മാത്രം വീക്ഷിക്കുന്നവര്‍ക്ക് ആത്മീയമായ ആനന്ദം മനസ്സിലാവുകയില്ല. എന്തെങ്കിലും സ്വന്തമാക്കണമെന്നോ സംഭവിക്കണമെന്നോ എന്നുള്ള ശക്തമായ അഭിവാഞ്ഛയുടെ അനുഭവമായി ആഗ്രഹം ഭൗതികമായി വിലയിരുത്തപ്പെടുമ്പോള്‍ യേശുവിന്റെ പ്രബോധനങ്ങളോടും തന്റെ നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെ മാതൃകയോടും പ്രതിബദ്ധത കാണിക്കുന്നവര്‍ക്ക് യേശു നല്കുന്ന സമ്മാനമാണ് ആത്മീയതയിലെ ആനന്ദം. മാത്രവുമല്ല ആനന്ദം പരിശുദ്ധാത്മാവിന്റെ ദാനമാണെന്നാണ് ക്രിസ്തീയ വിശ്വാസവും.

ഇത്തരമൊരു ആനന്ദത്തിന്റെയും അത് നല്കുന്ന പരമാനന്ദത്തിന്റെയും കൊടുമുടി കരേറിയവനായിരുന്നു ഫ്രാന്‍സിസ്. വിശുദ്ധന്‍ അനുഭവിച്ചിരുന്ന ആന്തരികമായ ആത്മീയാനന്ദം രചിക്കപ്പെട്ട എല്ലാ ജീവചരിത്രങ്ങളിലും ആവര്‍ത്തിക്കപ്പെടുന്ന പ്രതിപാദ്യവിഷയമാണ്. സഹനങ്ങളിലും ദാരിദ്ര്യത്തിലും പരിത്യക്താവസ്ഥയിലും അവഗണനയിലും പീഡനങ്ങളിലുമുള്ള ആനന്ദമായിരുന്നു ഫ്രാന്‍സിസീലുണ്ടായിരുന്നത്. ദൈവം നല്കിയ ആനന്ദവും ദൈവത്തോട് ചേര്‍ന്ന ആനന്ദവുമായിരുന്നതുകൊണ്ട് അതാര്‍ക്കും അപഹരിക്കാന്‍ കഴിഞ്ഞതുമില്ല. മറ്റുള്ളവര്‍ വിപ്രതിപത്തി കാണിക്കുകയും ആനന്ദിക്കാന്‍ കാരണമല്ലെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നവയായിരുന്നുവല്ലോ അവയെല്ലാം.

പക്ഷേ ഫ്രാന്‍സിസ് തന്റെ സന്തോഷത്തിന്റെ കാരണമായി അവയെ പരിഗണിച്ചു. ജീവിതത്തിന് ആനന്ദം കിട്ടുന്നത് ഭൗതികമായ നന്മകളിലോ ശ്രേയസിലോ പ്രശസ്തിയിലോ സമ്പത്തിലോ അല്ലെന്ന് ഫ്രാന്‍സിസ് ജീവിതം കൊണ്ട് കാണിച്ചുതന്നു. അങ്ങനെയാണ് നൂറ്റാണ്ടുകള്‍ക്കിപ്പുറവും ആനന്ദധാരയാകുന്ന ആത്മീയത കൊണ്ട് ഫ്രാന്‍സിസ് ലോകത്തെ പ്രകാശിപ്പിക്കുന്നത്.

സത്യമായ ആനന്ദം എന്ത് എന്നതിനെക്കുറിച്ച് ഫ്രാന്‍സിസ് പറയുന്ന ഉദാഹരണം ഇതിലേക്ക് വെളിച്ചം വീശുന്നവയാണ്.

ഒരു തണുപ്പുകാലത്ത് ഒരു രാത്രിയില്‍ വളരെ വൈകി പെറുജിയായില്‍ നിന്ന് ഇവിടെ ഞാന്‍ തിരിച്ചെത്തുന്നു. അതിശക്തമായ തണുപ്പാണ്. എന്റെ ശരീരം മുഴുവനും മണ്ണും ചെളിയും നിറഞ്ഞിരിക്കുന്നു. എന്റെ വസ്ത്രത്തിന്റെ വക്കുകളില്‍ മഞ്ഞുകട്ട കെട്ടിയിരിക്കുന്നു. അത് എന്റെ കാലുകളില്‍ തട്ടിമുറിവുണ്ടാക്കിയിരിക്കുന്നു. മുറിവുകളില്‍ നിന്ന് രക്തം ഒഴുകുന്നു, ചെളിയും മഞ്ഞും തണുപ്പും കൊണ്ട് മൂടിയ ഞാന്‍ ഗെയ്റ്റില്‍ വന്ന് കുറെ നേരം മുട്ടിവിളിച്ചു കാത്തിരുന്നു. അവസാനം ഒരു സഹോദരന്‍ ഇറങ്ങിവന്ന് ചോദിക്കുന്നു. താങ്കള്‍ ആരാണ്? സഹോദരന്‍ ഫ്രാന്‍സിസ് എന്ന് ഞാന്‍ ഉത്തരം പറഞ്ഞു. ദൂരെ പോകൂ ഇത് കറങ്ങിനടക്കാന്‍ പറ്റിയ സമയമല്ല താങ്കള്‍ക്ക് അകത്തേക്ക് പ്രവേശനം ഇല്ല. വീണ്ടും ആ സഹോദരന്‍ പറഞ്ഞു. വീണ്ടും ഞാന്‍ നിര്‍ബന്ധിച്ചു ചോദിച്ചപ്പോള്‍ സഹോദരന്‍ മറുപടി പറഞ്ഞു താങ്കള്‍ ഒരു വിവരമില്ലാത്ത ഭോഷനാണ്. കടന്നുപൊയ്‌ക്കൊള്ളണം. ഇവിടെ ഞങ്ങള്‍ ഒത്തിരിപ്പേരുണ്ട്. താങ്കളുടെ ആവശ്യം ഇവിടെയില്ല. തീര്‍ച്ചയായും താങ്കള്‍ ഈ രാത്രിയില്‍ ഞങ്ങളോടൊപ്പം അകത്തു പ്രവേശിക്കുകയില്ല. വീണ്ടും ഞാന്‍ വാതില്‍ക്കല്‍ നിന്നുകൊണ്ട് യാചിച്ചു. ദൈവത്തെ ഓര്‍ത്ത് എന്നെ ഈ രാത്രിയില്‍ അകത്തു കടത്തണം. സഹോദരന്റെ മറുപടി ഞാന്‍ അനുവദിക്കുകയില്ല. പോയി ആശ്രമശ്രേഷ്ഠന്റെ അടുക്കല്‍ പോയി പറയൂ. ഞാന്‍ ക്ഷമയോടെ തകര്‍ന്ന് തകിടം മറിയാതെ അവിടെ നിന്നാല്‍ എനിക്ക് യഥാര്‍ത്ഥ ആനന്ദം ഉണ്ടാകും എന്ന് ഞാന്‍ പറയുന്നു.

ജീവിതത്തിലെ തിക്താനുഭവങ്ങളിലും വ്യക്തികള്‍ കാണിക്കുന്ന അനിഷ്ടകരമായ പെരുമാറ്റങ്ങളിലും മനസ്സ് തകര്‍ക്കപ്പെടുകയും നിരാനന്ദത്തില്‍ മുഴുകുകയും ചെയ്യുന്നവര്‍ക്കെല്ലാം അത്തരം അനുഭവങ്ങളില്‍ പോലും ആത്മീയമായി ആനന്ദം കണ്ടെത്താന്‍ കഴിയുന്ന കൃതിയാണ് ഇത്. ഇതിന്റെ ഓരോ വരികളിലും ആനന്ദമുണ്ട്. അസ്സീസിയിലെ പുണ്യവാനോട് ചേര്‍ന്നുകൊണ്ടാണ് ആനന്ദം ഇവിടെ വിരചിതമാകുന്നത് എന്നതാണ് അതിന്റെ സൗന്ദര്യം വര്‍ദ്ധമാനമയമാക്കുന്നതും. ഓരോ വ്യക്തിയും ഓരോ ക്രൈസ്തവനും ആനന്ദത്തിന്റെ അവകാശികളാണ്. നൈമിഷികമായ ആഘോഷങ്ങളിലും എരിഞ്ഞുതീരുന്ന വികാരങ്ങളിലും ജീവിതത്തിന്റെ ആനന്ദം കണ്ടെത്തുന്നതിന് പകരം ദൈവികമായ ആനന്ദത്തിലേക്ക് തിരിയണമെന്നതാണ് ഈ കൃതി പങ്കുവയ്ക്കുന്ന സുവിശേഷം.



38 views0 comments

Recent Posts

See All

August 19 : St. John Yudes : വിശുദ്ധ യൂഡ്‌സ് (1601-1680)

വിശുദ്ധ യൂഡ്‌സ് ഈശോയുടെ തിരുഹൃദയഭക്തിയുടെയും മാതാവിന്റെ വിമലഹൃദയഭക്തിയുടെയും പ്രചാരകനും രണ്ടു സന്യാസസഭകളുടെ സ്ഥാപകനുമാണ്. അദ്ദേഹം ഏ.ഡി....

Comments


bottom of page