അവസാനമില്ലാത്ത എഴുത്തുകള്‍


ഒരു എഴുത്തുകാരന്‍ തനിക്ക് ഇഷ്ടമുളളതാണ് എഴുതുന്നത്. അയാളുടെ ഉളളിലുള്ളതാണ് എഴുതുന്നത്. എഴുതുന്ന നിമിഷങ്ങളിലെങ്കിലും അയാള്‍ തന്റെ തന്നെ സംതൃപ്തിയും സന്തോഷവും മാത്രമാണ് നോക്കുന്നത്. സ്വയം അനുഭവിക്കുന്ന സന്തോഷങ്ങള്‍ക്കുവേണ്ടിയുള്ള എഴുത്തില്‍ ചില പ്രയോഗങ്ങളും ശൈലികളും ഒഴിയാബാധപോലെ ആവര്‍ത്തിക്കപ്പെടുന്നത് സ്വഭാവികം.

പക്ഷേ ഒരാളെക്കുറിച്ച് തന്നെ വീണ്ടും വീണ്ടും എഴുതുന്നതിന്റെ കാരണമെന്താവും? ആ വ്യക്തി എഴുത്തുകാരനെ അത്രമേല്‍ സ്വാധീനിച്ചിട്ടുണ്ട് എന്നതുതന്നെ. ഡോ. തോമസ് തുമ്പേപ്പറമ്പില്‍ എന്ന എഴുത്തുകാരന്റെ കൃതികളിലൂടെ കടന്നുപോകുമ്പോള്‍ നാം മനസ്സിലാക്കുന്ന ഒരു കാര്യമുണ്ട്. അദ്ദേഹം അസ്സീസിയിലെ ഫ്രാന്‍സിസിനെക്കുറിച്ച് എഴുതിക്കൊണ്ടേയിരിക്കുന്നു. വലിയ ലോകത്തിലെ ചെറിയ മനുഷ്യന്‍, അസ്സീസിയിലെ കൊച്ചുപൂക്കള്‍ എന്നീ പുസ്തകങ്ങളാണ് വിവക്ഷിതം.

വലിയ ലോകത്തിലെ ചെറിയ മനുഷ്യന്‍ എന്നത് ഫ്രാന്‍സിസ് അസ്സീസിയുടെ ജീവചരിത്രമാണ്. അസ്സീസിയിലെ കൊച്ചുപൂക്കള്‍, ഫ്രാന്‍സിസിനെയും ആദ്യകാല സഹോദരന്മാരെയും പറ്റി കണ്ടും കേട്ടും പറഞ്ഞറിഞ്ഞ അറിവുകളുടെ കൈമാറലും. ഫ്രാന്‍സിസ് മരിച്ച് ഒരു നൂറ്റാണ്ടുകഴിഞ്ഞ് എഴുതപ്പെട്ട കൃതിയുടെ മലയാള പരിഭാഷ കുടിയാണ് ഇത്. ഇറ്റാലിയന്‍ ഫ്രാന്‍സിസ്‌കനായ ഉഗോളിന്‍ ആണ് ഗ്രന്ഥകര്‍ത്താവ് എന്നാണ് കരുതപ്പെടുന്നത്. ദാന്തേയുടെ ഡിവൈന്‍ കോമഡിയോളം പ്രശസ്തമായ ക്ലാസിക് കൃതിയാണ് ഇത്. ഫ്രാന്‍സിസ്‌കന്‍ സഭയുടെ വളര്‍ച്ചയിലും ആദ്യകാലചരിത്രത്തിലും അനിഷേധ്യമായ സ്ഥാനം വഹിക്കുന്ന കുറിപ്പുകളാണ് ഇതിലുള്ളത്. വിവിധ രീതിയിലും രൂപത്തിലുമാണ് ഇതിലെ പ്രതിപാദ്യം അനാവ്രതമായിരിക്കുന്നത്. ചിലത് കഥ പോലെയും മറ്റ് ചിലത് സംഭവവിവരണമായും. അവതരിപ്പിക്കുന്ന രീതി ഏതുമായിരുന്നുകൊള്ളട്ടെ അവിടെ അനാവരണം ചെയ്യുന്നത് ഫ്രാന്‍സിസിലൂടെ പകര്‍ന്നുകിട്ടിയ ആധ്യാത്മികതയാണ്.

പുറം ലോകത്തിന്റെ കണ്ണുകള്‍ കൊണ്ടുനോക്കുമ്പോള്‍ ആ ശിഷ്യരുടെ ചില ചെയ്തികളെങ്കിലും മണ്ടത്തരമോ മഠയത്തരമോ ആകാം. ഉദാഹരണത്തിന് പാചകം ചെയ്ത് സമയം കളയാതിരിക്കാന്‍ വേണ്ടി വലിയൊരു സദ്യയൊരുക്കിയ ജൂണിപ്പര്‍ തന്നെ ഉദാഹരണം. താന്‍ ചെയ്യുന്നത് വിഡ്ഢിത്തരമാണെന്ന് അദ്ദേഹം മനസ്സിലാക്കിയില്ല. പക്ഷേ ആ മണ്ടത്തരം പോലും ന്യായീകരിക്കപ്പെടുന്നത് അയാളുടെ നിഷ്‌കളങ്കതയും ഉപവിയും വഴിയാണെന്നാണ് സുപ്പീരിയറച്ചന്‍ ന്യായീകരിക്കുന്നത്. ഒരു പക്ഷേ എല്ലാ ഫ്രാന്‍സിസ്‌കന്‍ വൈദികര്‍ക്കും ഇത് ബാധകമാണെന്ന് തോന്നുന്നു. മാനുഷികമായ പല ബലഹീനതകളും കുറവുകളും ഉളളവര്‍തന്നെയായിരിക്കും അവരെല്ലാവരും. പക്ഷേ ഫ്രാന്‍സിസില്‍ നിന്ന് അരൂപിയാല്‍ പകര്‍ന്നുകിട്ടിയ ചൈതന്യവും മാതൃകയും അവരുടെ ജീവിതത്തിലും നിഴല്‍ വിരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഫ്രാന്‍സിസിന്റെ സൗന്ദര്യത്തിന്റെ കൂടുതലോ കുറവോ കൊണ്ട് അദ്ദേഹത്തിന്റെ അനുയായികള്‍ ഇന്നും ലോകത്തെ മനോഹരമാക്കിക്കൊണ്ടിരിക്കുന്നത്.

വലിയ ലോകത്തിലെ ചെറിയ മനുഷ്യര്‍ എന്ന ഗ്രന്ഥശീര്‍ഷകം തന്നെ നോക്കൂ. അതില്‍ തന്നെയുണ്ട് ഒരു ധ്യാനചിന്ത. ശരിയല്ലേ ഈ വലിയ ലോകത്തില്‍ സ്വയം ചെറുതായി മാറിയവനായിരുന്നു അസ്സീസിയിലെ ഫ്രാന്‍സിസ്. മറ്റൊരുവാക്കില്‍ പറഞ്ഞാല്‍ ഈ ലോകത്ത് ജീവിച്ചിരിക്കാന്‍ യോഗ്യനല്ലാത്ത ഒരാള്‍. ആകാരഭംഗിയില്ല, പ്രതാപവും പ്രൗഢിയുമില്ല. വലിയ പദവികള്‍ അലങ്കരിക്കുകയോ ആഗ്രഹിക്കുകയോ ചെയ്തില്ല. പരിഗണനയും ബഹുമാനവും തേടിയില്ല എന്നുമാത്രമല്ല കിട്ടിയ അവഗണനയിലും പരിത്യക്തതയിലും സന്തോഷിക്കുകയും ചെയ്തു. ഉള്ളതാണ് സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ലക്ഷണമെന്ന് കരുതുന്ന ഭൂരിപക്ഷത്തിന്റെ അബദ്ധധാരണകളെയാണ് ഈ മനുഷ്യന്‍ സൗമ്യമായി തട്ടിമറിച്ചിട്ടത്.

വലിയ ലോകത്തിനൊപ്പം വലിയവരാകാതെ വലിയ ലോകത്തില്‍ ചെറിയ മനുഷ്യരായി ജീവിക്കാനാണ് അസ്സീസിയിലെ ഫ്രാന്‍സിസ് നമ്മെ ക്ഷണിക്കുന്നത്. ആ ക്ഷണം സ്വീകരിക്കുകയും അതിന് അനുസരിച്ച് ജീവിക്കുകയും ചെയ്യുക എന്നത് അത്രമേല്‍ എളുപ്പമല്ല. പക്ഷേ അതൊരു സാധ്യതയാണ്. ആ സാധ്യതയെ ഓര്‍മ്മപ്പെടുത്തുന്ന പുസ്തകങ്ങളാണ് ഇവ രണ്ടും.

ഫ്രാന്‍സിസിനെക്കുറിച്ചുള്ള എഴുത്തുകള്‍ക്ക് അവസാനമുണ്ടാകില്ല. അതൊരു തുടര്‍ച്ചയാണ്. കാരണം ഫ്രാന്‍സിസ് ലോകത്തെ അത്രയധികം സ്വാധീനിച്ചിരിക്കുന്നു. ഓരോ വായനയിലും പുതിയ പാഠങ്ങളാണ് അയാള്‍ ലോകത്തിന് നല്കിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ നിശ്ചയമായും പറയാന്‍ കഴിയും ഫ്രാന്‍സിസിനെക്കുറിച്ചുള്ള എഴുത്തുകള്‍ നിലയ്ക്കുമ്പോള്‍ ലോകവും നിശ്ചലമാകും.


10 views0 comments

Atma Books

Shop

Socials

Be The First To Know

Pavanatma publishers,
St. Alphonsa Capuchin Ashram, KOZHIKODE,

KL 673016, IN

09846124800

Sign up for our newsletter

Copyright © 2018 pavanatma publishers pvt ltd - All Rights Reserved.