top of page

St. Clare of Assisi / അസ്സീസിയിലെ വിശുദ്ധ ക്ലാര (1193-1253)

ആഗസ്റ്റ് - 11അസ്സീസിയിലെ വിശുദ്ധ ക്ലാരയുടെ ജീവചരിത്രം ഭാവനാത്മകമായ ഒരു പ്രണയകാവ്യം പോലെ മനോഹരമാണ്. യേശുക്രിസ്തുവും ക്ലാരയും തമ്മിലുള്ള ഊഷ്മളമായ സ്‌നേഹബന്ധത്തിന്റെ ചരിത്രം. കസന്‍ദ്‌സാക്കീസ് മുതലായ ലോകപ്രസിദ്ധ സാഹിത്യകാരന്മാരെപോലും ഇക്കഥ പുളകം കൊള്ളിച്ചിരുന്നു. അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ ഫ്രാന്‍സീസ് അസ്സീസി എന്ന പുസ്തകത്തില്‍ ഇതു പ്രകടമായി വായനക്കാര്‍ക്ക് കാണാവുന്നതാണ്. പലസ്തീനായിലെ വിശുദ്ധ സ്ഥലങ്ങള്‍ കൈയ്യേറിയ മുഹമ്മദീയര്‍ക്കെതിരെ ഏഴാം കുരിശുയുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലഘട്ടത്തില്‍ ലോകത്തില്‍ സാര്‍വ്വത്രികസ്‌നേഹത്തിന്റെ പ്രകാശം പ്രസരിപ്പിച്ച രണ്ടു പ്രകാശഗോപുരങ്ങളായിരുന്നു അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സീസും വി. ക്ലാരയും. അസ്സീസിയിലെ കുലീന യോദ്ധാവായ ഫലവേനെയുടെയും ഭാര്യ ഓര്‍ത്തലോനായുടെയും മൂന്നു പെണ്‍മക്കളില്‍ മൂത്തവളായിരുന്നു സുന്ദരിയായ ക്ലാര. സഹോദരികള്‍ ആഗ്നെസ്സും ബെയാട്രീസ്സും. ക്ലാര അഥവാ കിയാര (Clara) എന്നാല്‍ പ്രകാശം, പ്രശസ്ത എന്നൊക്കെയാണ് അര്‍ത്ഥം. ക്ലാരക്ക് 18 വയസ്സായപ്പോള്‍ മുതല്‍ അവള്‍ക്കുവേണ്ടി വിവാഹോലോചനകള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ സര്‍വ്വസംഗപരിത്യാഗിയായ ഫ്രാന്‍സീസിന്റെ മൗലിക ദരിദ്രജീവിതം ക്ലാരയെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. 1212-ല്‍ അസ്സീസിയിലെ സാന്‍ജോര്‍ജിയോ ദൈവാലയത്തില്‍ വി. ഫ്രാന്‍സീസ് നടത്തിയ നോമ്പുകാല പ്രഭാഷണം ക്ലാരയുടെ ജീവിതത്തെ സമൂലം മാറ്റിമറിച്ചു. യേശുക്രിസ്തുവിന്റെ മൗലികദാരിദ്ര്യം സ്വജീവിതത്തില്‍ പകര്‍ത്താന്‍ അവള്‍ ആഗ്രഹിച്ചു. വി. ഫ്രാന്‍സീസിന്റെ വാക്കുകള്‍ ഒരു അഗ്നിജ്വാല പോലെ ക്ലാരയുടെ ഹൃദയത്തില്‍ പടര്‍ന്നു കയറിയിരുന്നു.

അക്കൊല്ലത്തെ ഓശാന ഞായറാഴ്ച അസ്സീസിയിലെ കത്തീഡ്രല്‍ ദൈവാലയത്തില്‍ മെത്രാന്‍ ഒലിവു ചില്ലകള്‍ ആശീര്‍വ്വദിച്ച് വിശ്വാസികള്‍ക്ക് വിതരണം ചെയ്തപ്പോള്‍ ക്ലാരമാത്രം അതു വാങ്ങാന്‍ പോകാതെ തലകുനിച്ചു നിന്നു. മെത്രാന്‍ താഴേക്ക് ഇറങ്ങിവന്ന് ഒരു സൈത്തിന്‍ ചില്ല അവളുടെ കൈയ്യില്‍ വച്ചുകൊടുത്തു. അന്നുരാത്രി (മാര്‍ച്ച് 18-19) തന്റെ അമ്മാവി ബിയങ്കായോടും മറ്റൊരു വനിതയോടുമൊപ്പം ഒരു കാട്ടുപാതയിലൂടെ വി. ഫ്രാന്‍സീസിന്റെ പോര്‍ഷ്യന്‍കുളയിലെ ആശ്രമത്തിലേക്ക് ക്ലാര ഒളിച്ചുപോയി. അവിടെ ഫ്രാന്‍സീസും സഹോദരങ്ങളും അവളെ കാത്തിരിക്കുകയായിരുന്നു. അവിടുത്തെ കൊച്ചു ചാപ്പലിന്റെ മുമ്പില്‍ നിന്ന് കത്തുന്ന മെഴുകുതിരി കൈയ്യില്‍ പിടിച്ചുകൊണ്ട് 'പരിശുദ്ധാത്മാവേ വരിക' എന്ന ഗാനം അവള്‍ ആലപിച്ചു. പ്രഭുകുമാരിയുടെ വിലയേറിയ വസ്ത്രങ്ങള്‍ മാറ്റി അവള്‍ സന്യാസിനികളുടെ പരുക്കന്‍ വസ്ത്രവും ശിരോവസ്ത്രവും ധരിച്ചു. വിറയ്ക്കുന്ന കൈകളോടെ ഫ്രാന്‍സീസ് കത്രിക വാങ്ങി ക്ലാരയുടെ സ്വര്‍ണ്ണത്തലമുടി മുറിച്ചുമാറ്റി. കത്തിനിന്ന മെഴുകുതിരികള്‍ സാക്ഷിനിര്‍ത്തി അവള്‍ ഫ്രാന്‍സീസിന്റെ മുമ്പില്‍ മുട്ടുകുത്തി നിന്നുകൊണ്ട് സന്യാസ പ്രതിജ്ഞ ഉരുവിട്ടു. അതിനുശേഷം ഫ്രാന്‍സീസ് അവളെ അടുത്തുള്ള ബനഡിക്‌റ്റൈയിന്‍ സന്യാസിനികളുടെ ആശ്രമത്തിലേക്ക് അയച്ചു. ക്ലാര അവിടെ താമസമാക്കി.

വിവാഹനിശ്ചയം കഴിഞ്ഞ ക്ലാരയുടെ ഒളിച്ചോട്ടത്തില്‍ കോപാകുലരായ ബന്ധുക്കള്‍ അവളെ തിരിച്ചുകൊണ്ടുവരാന്‍ ബനഡിക്‌റ്റൈയിന്‍ മഠത്തില്‍ എത്തി. ബലം പ്രയോഗിച്ച് അവളെ വലിച്ചിഴച്ചു കൊണ്ടുപോകാന്‍ അവര്‍ ശ്രമിച്ചു. പള്ളിക്കുള്ളില്‍ അഭയം തേടിയ ക്ലാര അള്‍ത്താരയില്‍ പിടിച്ച് ഉറച്ചുനിന്നു. അതിനിടെ ശിരോവസ്ത്രം മാറിയപ്പോള്‍ മുണ്ഡനം ചെയ്ത അവളുടെ തലകണ്ട് അവര്‍ ഞെട്ടി. കരഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു: ''എനിക്ക് മണവാളന്‍ ഉണ്ട്. ക്രിസ്തുവാണ് അവന്‍. എനിക്കു മറ്റൊരു മണവാളനില്ല. ഒടുവില്‍ ബന്ധുക്കള്‍ അവളെ മഠത്തില്‍ വിട്ടിട്ട് നിരാശരായി മടങ്ങിപ്പോയി.''

ഈ സംഭവത്തിനു പിന്നാലെ ഫ്രാന്‍സീസ് അവളെ പാന്‍സോവിലെ മറ്റൊരു മഠത്തിലേക്ക് മാറ്റി. അധികം താമസിയാതെ സാന്‍ഡമിയാനോയിലെ പുതുക്കിപ്പണി തീര്‍ത്ത ചെറിയ പള്ളിയുടെ അടുത്ത് ഒരു താമസസ്ഥലം ക്ലാരയ്ക്കുവേണ്ടി ഫ്രാന്‍സീസും കൂട്ടരും തയ്യാറാക്കി. പള്ളി പുതുക്കിപ്പണിതതും അവര്‍ തന്നെയായിരുന്നു. പുതിയ സ്ഥലത്തേക്ക് അവളുടെ സഹോദരി ആഗ്നെസ്സും എത്തിച്ചേര്‍ന്നു. അധികം താമസിയാതെ തന്നെ ക്ലാരയുടെ അമ്മ വാഴ്ത്തപ്പെട്ട ഓര്‍ത്തലോനായും സഹോദരി ബയട്രീസും ഏതാനും സ്ത്രീകളും അവരോടൊപ്പം ചേര്‍ന്നു. ഇവിടെ ആരംഭം കുറിച്ചത് ഒരു പുതിയ സന്യാസിനി സഭയാണ്.

ക്ലാരയുടെയും സഹോദരിമാരുടെയും ജീവിതം അഭൂതപൂര്‍വ്വകവും അതികഠിനവുമായിരുന്നു. അവര്‍ കാലുറയും പാദരക്ഷകളും ഉപേക്ഷിച്ചിരുന്നു. മാംസാഹാരം തീര്‍ത്തും ഉപേക്ഷിച്ചു. വെറും തറയില്‍ കിടന്നാണ് അവര്‍ ഉറങ്ങിയിരുന്നത്. അത്യാവശ്യത്തിനു മാത്രമേ സംസാരിച്ചിരുന്നുള്ളൂ. മിക്ക ദിവസങ്ങളിലും ഉപവാസവും ജാഗരണപ്രാര്‍ത്ഥനയും സന്യാസ ജീവിതത്തിന്റെ ഭാഗമാക്കി.

പാവപ്പെട്ട ക്ലാര സഹോദരികളുടെ ആദ്യസമൂഹത്തിന് യാതൊരു ലിഖിതനിയമവും ഇല്ലായിരുന്നു. വി. ഫ്രാന്‍സീസിന്റെ ജീവിതക്രമമായിരുന്നു അവരുടെ ആകെയുണ്ടായിരുന്ന ന്യായപ്രമാണം. അതുകൂടാതെ ഫ്രാന്‍സീസ് അസ്സീസിയുടെ ഉപദേശങ്ങളും അവരെ നയിച്ചിരുന്നു. സന്യാസം വരിച്ച വ്യക്തികള്‍ക്ക് യാതൊരു സ്വത്തും സമ്പാദ്യവും ഫ്രാന്‍സീസ് അനുവദിച്ചിരുന്നില്ല. ദൈവപരിപാലനയില്‍ പരിപൂര്‍ണ്ണമായി ആശ്രയിച്ചുകൊണ്ട് ജീവിക്കണം. സുവിശേഷത്തിന്റെ സദ്വാര്‍ത്ത എവിടെയും വിളംബരം ചെയ്ത് ഭിക്ഷാടനത്തില്‍ കിട്ടുന്നതുകൊണ്ട് ജീവിക്കണം. ഇതൊക്കെയായിരുന്നു ക്ലാര സഹോദരികളുടെ ആദ്യകാലജീവിതശൈലി.

എന്നാല്‍ 1219-ല്‍ ഈ സഭയുടെ രക്ഷാധികാരിയായിരുന്ന കര്‍ദ്ദിനാള്‍ ഉഗലീനോകോന്തി അന്നു നിലവിലുണ്ടായിരുന്ന ബനഡിക്‌റ്റെയിന്‍ നിയമാവലിയുടെ അടിസ്ഥാനമാക്കി ഒരു നിയമാവലി എഴുതിയുണ്ടാക്കി. അതില്‍ സാമൂഹ്യദാരിദ്ര്യം നിരോധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഫ്രാന്‍സീസിന്റെ മൗലിക ദാരിദ്ര്യവും ഭിക്ഷാടനത്തിലുള്ള സമ്പൂര്‍ണ്ണ ആശ്രയത്വവും ആദര്‍ശമായി കരുതിയിരുന്ന ക്ലാരയ്ക്ക് ആ നിയമാവലി സ്വീകാര്യമായി തോന്നിയില്ല. അവസാനം വി. ക്ലാരയുടെ ആദര്‍ശപ്രകാരമുള്ള ഒരു നിയമാവലിക്ക് ക്ലാരയുടെ മരണത്തിന് രണ്ടുകൊല്ലം മുമ്പ് ഗ്രിഗറി ഒമ്പതാമന്‍ മാര്‍പ്പാപ്പ - കര്‍ദ്ദിനാള്‍ ഉഗോലിനി- 1227-ല്‍ ദാരിദ്ര്യത്തിന്റെ അവകാശം എന്ന തിരുവെഴുത്തു വഴി അംഗീകാരം കൊടുത്തു. പിന്നീട് ഇന്നസെന്റ് നാലാമന്‍ മാര്‍പ്പാപ്പ ഇതിനെ സ്ഥിരപ്പെടുത്തി.

ക്ലാരസഭ അതിവേഗം വളര്‍ന്ന് യൂറോപ്പിലെ പല രാജ്യങ്ങളിലും ശാഖകള്‍ ഉണ്ടായി. ക്ലാര മഠാധിപ ആയിരുന്ന നാല്പതു കൊല്ലക്കാലത്ത് പാവപ്പെട്ട പെണ്‍കുട്ടികളുടെ പരിപാലനത്തിനും വിദ്യാഭ്യാസത്തിനുമാണ് ഈ സഭക്കാര്‍ മുന്‍ഗണന നല്‍കിയ സേവനമേഖല. വി. ക്ലാരയുടെ മാസ്മരികമായ സ്വാധീനശക്തിയാല്‍ ഫ്രാന്‍സിസ്‌കന്‍ ആദര്‍ശങ്ങളും ആശയങ്ങളും നിരവധി രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിച്ചു. ഗ്രിഗറി ഒമ്പതാമന്റെയും ഇന്നസെന്റ് മൂന്നാമന്‍ മാര്‍പ്പാപ്പയുടെയും വിശ്വാസം നേടിയെടുക്കാന്‍ വി. ക്ലാരയ്ക്കു കഴിഞ്ഞു. നിരവധി മെത്രാന്മാരും വൈദികരും അല്മായരും വി. ക്ലാരയുടെ ഉപദേശം തേടിയെത്തിയിരുന്നു.

ഒരിക്കല്‍ ഗ്രിഗറി ഒമ്പതാമന്‍ മാര്‍പ്പാപ്പയുടെ കാലത്ത് ഫ്രെഡറിക്ക് ചക്രവര്‍ത്തിയുടെ പിന്‍ബലത്തോടെ മുഹമ്മദീയ സൈന്യം സ്‌പോളേറ്റോ താഴ്‌വര ആക്രമിച്ചപ്പോള്‍ ഒരു സൈന്യവിഭാഗം ക്ലാരമഠത്തെ ആക്രമിക്കാന്‍ അവിടം വളഞ്ഞു. വി. ക്ലാരയുടെ ആവശ്യപ്രകാരം ശത്രുക്കള്‍ക്ക് അഭിമുഖമായി വി. കുര്‍ബാന എഴുെന്നള്ളിച്ചു വച്ചു. കുര്‍ബാനയ്ക്കു മുമ്പില്‍ മുട്ടുകുത്തി ക്ലാരുയം സഹോദരികളും പ്രാര്‍ത്ഥിച്ചു: ''കര്‍ത്താവേ, അങ്ങയെ ഏറ്റു പറയുന്നവരുടെ ആത്മാക്കളെ ആ മൃഗങ്ങള്‍ക്ക് ഏല്പിച്ചുകൊടുക്കരുതേ'' ശത്രുക്കള്‍ക്ക് എന്തോ ഭയം തോന്നിയതിനാല്‍ അവര്‍ ഉടന്‍ പിന്തിരിഞ്ഞ് ഓടിപ്പോകുകയും ചെയ്തു.

സുദീര്‍ഘമായ 28 വര്‍ഷം രോഗിണിയായി കിടന്നിരുന്ന വി. ക്ലാരയുടെ ഭക്ഷണം അവസാനകാലത്ത് വിശുദ്ധ കുര്‍ബാന മാത്രമായിരുന്നു. ഫ്രാന്‍സീസ് അസ്സീസിയുടെ മരണസമയത്ത് നടന്നതുപോലെ വി. ക്ലാരയുടെ മരണസമയത്ത് വി. യോഹന്നാന്‍ എഴുതിയ കര്‍ത്താവിന്റെ പീഡാനുഭവചരിത്രം മൂന്നു സന്യാസിനികള്‍ ഉറക്കെ വായിച്ചു കൊണ്ടിരുന്നു. അതു കേട്ടുകൊണ്ട് 'കുമാരി ദാരിദ്ര്യ'ത്തിന്റെ മൂര്‍ത്തീകരണമായ വി. ക്ലാരയെന്ന സന്യാസിനി 60ാമത്തെ വയസ്സില്‍ 1253-ല്‍ ശാന്തമായി അന്ത്യശ്വാസം വരിച്ചു. ''എന്നെ സൃഷ്ടിച്ച ദൈവമേ നിനക്ക് സ്‌തോത്രം'' ഇതായിരുന്നു ആ പുണ്യവതിയുടെ അധരങ്ങളില്‍ നിന്ന് അടര്‍ന്ന അവസാന വാക്കുകള്‍.

1255-ല്‍ അസീസിയിലെ ക്ലാരയെ അലക്‌സാണ്ടര്‍ നാലാമന്‍ മാര്‍പ്പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി. ഒരിക്കല്‍ ഒരു ക്രിസ്തുമസ്സിന് രോഗിയായിക്കിടന്ന ക്ലാര അസീസിയിലെ ഫ്രാന്‍ചെസ്‌കാ ബസിലിക്കയില്‍ നടന്ന പാതിരാ കുര്‍ബാന വിദൂരതയില്‍ ഇരുന്ന് അത്ഭുതകരമായി കണ്ട് അതില്‍ സംബന്ധിച്ചു. അതുകൊണ്ട് 1958-ല്‍ പിയൂസ് പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പ ക്ലാരയെ ടെലിവിഷന്റെ മധ്യസ്ഥയായി പ്രഖ്യാപിച്ചു.

വിചിന്തനം: ''ഫ്രാന്‍സീസ് അസ്സീസി കാവല്‍ഭടനും സാക്ഷിയുമായി നില്‍ക്കേ, പ്രേമസ്വരൂപനായ ക്രിസ്തുവിനെ ക്ലാര മണവാളനായി സ്വീകരിച്ചു.'' (ജി.കെ. ചെസ്റ്റര്‍ട്ടണ്‍).

''എന്റെ ഇച്ഛാശക്തി ദൈവത്തിന് ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ അത് ഇനി എന്റെ സ്വന്തമല്ല. ദൈവമേ, അങ്ങയുടെ ഇഷ്ടംപോലെ എന്നെ ഉപയോഗിച്ചു കൊള്ളുക'' (വി. ക്ലാര).
32 views1 comment

Recent Posts

See All

August 19 : St. John Yudes : വിശുദ്ധ യൂഡ്‌സ് (1601-1680)

വിശുദ്ധ യൂഡ്‌സ് ഈശോയുടെ തിരുഹൃദയഭക്തിയുടെയും മാതാവിന്റെ വിമലഹൃദയഭക്തിയുടെയും പ്രചാരകനും രണ്ടു സന്യാസസഭകളുടെ സ്ഥാപകനുമാണ്. അദ്ദേഹം ഏ.ഡി. 1601- നവംബര്‍ 14-ന് ഫ്രാന്‍സിലെ നോര്‍മണ്ടിയില്‍ 'റീ' എന്ന സ്ഥലത്

1 Comment


Jiby capuchin
Jiby capuchin
Aug 10, 2023

St. clare, great saint

Like
bottom of page