ഒരു സങ്കീര്‍ത്തനം പോലെ


അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ജീവിതത്തിന്റെ തുടര്‍ച്ച അതായിരുന്നു അസ്സീയിലെ വിശുദ്ധ ക്ലാര. അസ്സീസിയില്‍ വിരിഞ്ഞ് ലോകത്തില്‍ മുഴുവന്‍ സുഗന്ധം പരത്തിയ രണ്ടു പുഷ്പങ്ങള്‍. ഒന്നില്‍ നിന്ന് വേര്‍പെടുത്തി മറ്റൊന്നിനെ നിര്‍വചിക്കാനോ വിലയിരുത്താനോ സാധിക്കാത്തവിധത്തിലുള്ള ഏകാന്തപ്പൊരുത്തം കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തിയവര്‍.

ഒറ്റനാണയത്തിന്റെ ഇരുപുറമായിരുന്നു അവര്‍. ഹെഡോ ടെയിലോ എന്ന ഭേദചിന്ത പോലും അപ്രസക്തമാക്കിക്കളയുന്നവര്‍. അസ്സീസിയിലെ ക്ലാരയുടെ ജീവിതത്തെ അവളുടെ പേരിനെ അന്വര്‍ത്ഥമാക്കുന്നതുപോലെ പ്രകാശമുള്ള വരികള്‍ കൊണ്ട് കോറിയിട്ടിരിക്കുന്ന ഒരു ജീവചരിത്രമാണ് യശ്ശശരീരനായ പ്രൊഫ. ജോസഫ് മറ്റം എഴുതിയ ക്ലാര; പ്രകാശതാരകം.

കസന്‍ദ്‌സാക്കീസിന്റെ ഫ്രാന്‍സിസിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയതിലൂടെയായിരുന്നു പ്രൊഫ. ജോസഫ് മറ്റം ഫ്രാന്‍സിസ്‌കന്‍ ആത്മീയസാഹിത്യത്തിന്റെ ഭാഗമായി മാറിയത്. അദ്ദേഹത്തിന്റെ നോവല്‍ ക്രാഫ്റ്റിന്റെ ശൈലിയും സൗന്ദര്യവും മികവും ക്ലാരയിലും നമുക്ക് കാണാന്‍ കഴിയും.

സ്ത്രീപുരുഷ ബന്ധത്തില്‍ പുതിയ സമവാക്യങ്ങള്‍ എഴുതിചേര്‍ത്തവരായിരുന്നു ഫ്രാന്‍സിസും ക്ലാരയും. ഇരുവരും സംസാരിച്ചുകൊണ്ടിരിക്കവെ മേല്‍ക്കൂരയ്ക്ക് തീപിടിച്ചതുപോലെ കാഴ്ചക്കാര്‍ക്ക് തോന്നിയെന്ന പുരാവൃത്തമുണ്ടല്ലോ. നിഷ്‌കളങ്കസ്‌നേഹത്തിന്റെ പ്രതിഫലനമെന്നോണം ആത്മാവുകള്‍ ദൈവസ്‌നേഹത്താല്‍ എരിയുമ്പോള്‍, വിഷലിപ്തമായ കണ്ണുകള്‍കൊണ്ട് ഏതുതരം ബന്ധങ്ങളെയും നോക്കിക്കാണുന്നവര്‍ക്ക് തീപിടുത്തമായേ തോന്നു എന്നതാണ് വാസ്തവം.

ഈ പുരാവൃത്തത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ള വാക്കുകളും രംഗങ്ങളും കൊണ്ട് മനോഹരമാണ് ക്ലാരയിലെ ഒരു അധ്യായം. രോഗബാധിതനായ ഫ്രാന്‍സിസും ക്ലാരയും തമ്മിലുള്ള സംഭാഷണങ്ങള്‍ ഇങ്ങനെയാണ്:

'എനിക്ക് ഇപ്പോള്‍ സുഖം തോന്നുന്നുണ്ട്... ക്ലാരേ നിന്റെ സാമീപ്യവും ശുശ്രൂഷയും എനിക്ക് പ്രഥമശുശ്രൂഷ മാത്രമല്ല എന്റെ പലവിധ രോഗങ്ങള്‍ക്ക് ഒരു ഒറ്റമൂലി തന്നെയായിരുന്നു. അതുകൊണ്ട് പോര്‍സ്യൂങ്കലായിലേക്ക് മടങ്ങുകയാണ് ഞാന്‍...'

'അതാണങ്ങയുടെ ആഗ്രഹമെങ്കില്‍... അല്ല ഇനി എന്നാണ് നമ്മള്‍ കാണുക? അങ്ങയെ കാണാന്‍ എന്റെ കണ്ണുകള്‍ കൊതിയോടെ കാത്തിരിക്കുമെന്ന കാര്യം മറക്കരുത്'.

'നിനക്കും സുഖമില്ലെന്ന് ഞാനറിഞ്ഞു. എന്നിട്ടും എല്ലാ പ്രയാസങ്ങളും മറന്നു നീ എന്നെ സംരക്ഷിക്കുകയായിരുന്നു. ഞാന്‍ സഹിച്ചുസഹിച്ചുതീരണം. നീ എന്റെ ചെറുചെടിയല്ലേ? അത് വാടാനും ഉണങ്ങാനും പാടില്ല. അത് വളര്‍ന്ന് ഒരു വലിയ മരമാകണം. അതില്‍ പൂക്കളും കായ്കളും ഉണ്ടാകണം. ആ കായ്കള്‍ വീണ് അസംഖ്യം വിത്തുകളും അവ മുളച്ച് ധാരാളം ചെറു ചെടികളുമുണ്ടാകണം'.

'അങ്ങേയ്ക്ക് അസുഖമായപ്പോള്‍ ഞാനും രോഗിണിയായി. അത് കര്‍ത്താവിന്റെ പ്രത്യേകാനുഗ്രഹമായിരിക്കും രോഗശയ്യയില്‍ കിടക്കുന്നവര്‍ തമ്മില്‍ സവിശേഷമായ ഒരു ഐക്യം. ദാരിദ്ര്യത്തിലെന്നതുപോലെ ധ്യാനത്തിലും പ്രാര്‍ത്ഥനയിലും ഒരു സമാനത. അത്ഭുതകരമായ ഒരു യോജിപ്പ്. കര്‍ത്താവ് തിരുമനസ്സാകാതെ ഇതൊന്നും സംഭവിക്കുകയില്ല'.

അതെ, ദൈവം തിരുമനസ്സാകാതെ നിറവേറപ്പെടുകയില്ലാത്ത ഒരു ബന്ധമായിരുന്നു ഫ്രാന്‍സിസും ക്ലാരയും തമ്മിലുണ്ടായിരുന്നത്. ഫ്രാന്‍സിസിന്റെ ജീവിതവും ക്ലാരയുടെ ജീവിതവും തിരിച്ചറിഞ്ഞുകഴിയുമ്പോള്‍ ഏതൊരാളും അത് തുറന്നുസമ്മതിക്കുകയും ചെയ്യും. ഫ്രാന്‍സിസിന് അന്തിമോപചാരമര്‍പ്പിച്ച് ജീവനറ്റ ആ തിരുദേഹത്തില്‍ കണ്ണീരോടെ ക്ലാര ചുംബിച്ചപ്പോള്‍ ഫ്രാന്‍സിസിന്റെ ശരീരത്തിലെ അഞ്ചുമുറിവുകളും ചുവന്ന റോസപ്പൂക്കള്‍ പോലെ വിടരുകയും പിന്നീട് അവ അത്ഭുതകരമായി അപ്രത്യക്ഷമാകുകയും ചെയ്തതായും ജീവചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

ഫ്രാന്‍സിസിന്റെ മരണം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ കൂടി മാത്രമേ ക്ലാര ഈ മണ്ണില്‍ ജീവിച്ചിരുന്നുള്ളൂ. 1253 ലെ ഓഗസ്റ്റ് 10. 116 ാം സങ്കീര്‍ത്തനം ഉറക്കെ കേട്ടുകൊണ്ട് ക്ലാര എന്നേയ്ക്കുമായി കണ്ണടച്ചു. വിശുദ്ധ ഗ്രന്ഥം വായിച്ചവസാനിപ്പിച്ച് ചുംബനം നല്കി മടക്കിവയ്ക്കുന്നതുപോലെ അത്രയും വിശുദ്ധിയോടെ...

മേല്‍പ്പറഞ്ഞതുപോലെയുള്ള മനോഹരമായ രംഗങ്ങളും ഹൃദയസ്പര്‍ശിയായ വാക്കുകളും കൊണ്ട് ആകര്‍ഷകമാണ് ഈ ജീവചരിത്രം. ഈ കൃതിയുടെ വായന നമ്മെ ഫ്രാന്‍സിസിലേക്കും ഫ്രാന്‍സിസില്‍ നിന്ന് ക്ലാരയിലേക്കും കൊണ്ടുപോകും. പരസ്പരം സങ്കീര്‍ത്തനമായി മാറിയ ഈ പുണ്യപ്പെട്ട ജീവിതങ്ങള്‍ ലോകത്തിലെ വിവിധ അള്‍ത്താരകളില്‍ ഇന്നും സങ്കീര്‍ത്തനം പോലെ അലയടിച്ചുകൊണ്ടിരിക്കുന്നു. മരണത്തിന് പോലും വേര്‍പെടുത്താന്‍ കഴിയാത്ത വിശുദ്ധ സൗഹൃദങ്ങളുടെ ആത്മാക്കളെ പോലെ...4 views0 comments

Atma Books

Shop

Socials

Be The First To Know

Pavanatma publishers,
St. Alphonsa Capuchin Ashram, KOZHIKODE,

KL 673016, IN

09846124800

Sign up for our newsletter

Copyright © 2018 pavanatma publishers pvt ltd - All Rights Reserved.