15 വിശുദ്ധരും 43 വാഴ്ത്തപ്പെട്ടവരും അനേകം ധന്യരും സ്വന്തമായുള്ള നിങ്ങളാണ് സഭയിലെ ഏറ്റവും വലിയ സമ്പന്നര്‍.
വിശുദ്ധജോണ്‍ പോള്‍ രണ്ടാമന്‍
വിശുദ്ധ പാദ്രെ പിയോ + 14 കപ്പൂച്ചിന്‍ വിശുദ്ധര്‍ എന്ന പുസ്തകം വായിക്കുമ്പോള്‍ നാം ആദ്യം ഓര്‍മ്മിക്കുന്നത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ഈ വാചകം തന്നെയാണ്. വിശുദ്ധന്റെ വാക്കുകളെ ശരിവയ്ക്കുന്ന വിധത്തില്‍ അത്രയും സമ്പന്നമാണ് കപ്പൂച്ചിന്‍ സഭയെന്ന് ഈ കൃതിയിലൂടെ കടന്നുപോകുമ്പോള്‍ നാം മനസ്സിലാക്കുകയും ചെയ്യും. ഫ്രാന്‍സിസ് അസ്സീസി തുടങ്ങിവച്ച സഭയില്‍ ഇന്ന് എത്രയോ അധികം വിശുദ്ധരുണ്ട്. ഒരു വ്യക്തിയുടെ സ്വാധീനത്തില്‍ നിന്ന് എത്രയോ അധികം വ്യക്തികള്‍ സ്വാധീനിക്കപ്പെട്ടു. ആധുനികകാലത്ത് ഏറെ പ്രശസ്തനായ വിശുദ്ധനാണ് പാദ്രെ പിയോ. പഞ്ചക്ഷതധാരി, ബൈ ലൊക്കേഷന്‍ എന്നീ അത്ഭുതങ്ങളുടെയെല്ലാം ഉടമ. വിശുദ്ധനെ നേരില്‍ കണ്ടിട്ടുള്ളവരും ആ ക്ഷതങ്ങളില്‍ ചുംബിച്ചിട്ടുള്ളവരും നമ്മുടെ നാട്ടിലുമുണ്ട്. പാദ്രെ പിയോയെ വിശുദ്ധനായി പ്രഖ്യാപിച്ചത് 2002 ജൂണ്‍ 16 ന് ആയിരുന്നു. അന്നുവരെ റോമാനഗരം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ജനസമുദ്രമായിരുന്നു അതെന്നാണ് ചരിത്രം പറയുന്നത്. വിശുദ്ധന് ജനഹൃദയങ്ങളിലുള്ള സ്വാധീനവും സ്‌നേഹവുമാണ് അത് പ്രകടമാക്കുന്നത്. ഈ വിശുദ്ധന്റെ ജീവചരിത്രമാണ് പുസ്തകത്തിന്റെ സിംഹഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. പാദ്രെ പിയോയെ കൂടാതെ കപ്പൂച്ചിന്‍ കുടുംബത്തിലെ അംഗങ്ങളായ വിശുദ്ധ ഫെലിക്‌സ് കാന്തലീച്ചെ, വിശുദ്ധ സെറാഫീന്‍, വിശുദ്ധ ജോസഫ് ലെയോണേസോ, വിശുദ്ധ ലോറന്‍സ് ബ്രിന്‍ഡിസി തുടങ്ങിയ പതിനാല് വിശുദ്ധരുടെ ജീവചരിത്രമാണ് മറ്റ് ഭാഗങ്ങളിലുള്ളത്. ഈ വിശുദ്ധരെക്കുറിച്ച് നമ്മുടെ നാട്ടിലെന്നല്ല പലര്‍ക്കും തന്നെ കേട്ടുകേള്‍വി പോലും ഉണ്ടാകാന്‍ സാധ്യതയില്ല. ഒരു സന്യാസസഭയില്‍ നിന്ന് തന്നെ ഇത്രയും വിശുദ്ധരുണ്ടായിട്ടുണ്ടോയെന്ന അത്ഭുതത്തിന് പോലും ഈ കൃതി കാരണമാകും. ഫ്രാന്‍സിസ് അസ്സീസിയെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം അദ്ദേഹത്തിന്റെ തുടര്‍ച്ചക്കാരായ ഈ വിശുദ്ധരെയും സ്‌നേഹിക്കാതിരിക്കാനാവില്ല. വ്യക്തികളെന്ന നിലയില്‍ ഓരോരുത്തരും വ്യതിരിക്തരാണെങ്കിലും ഫ്രാന്‍സിസ് എന്ന കേന്ദ്രബിന്ദുവില്‍ ചരിക്കുന്ന ഗ്രഹങ്ങളാണ് ഇവരോരുത്തരുമെന്ന് ഇവരുടെ ജീവിതങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നാം മനസ്സിലാക്കുന്നു. ഫ്രാന്‍സിസ്‌കന്‍ ആത്മീയതയുടെ ഉള്‍ത്തുടിപ്പ് അവരുടെ ജീവിതങ്ങളെയും സ്പന്ദിക്കുന്നു.
സഭയുടെ വളര്‍ച്ച ഭൗതികം മാത്രമല്ല ആത്മീയം കൂടിയാണ്. കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും പിന്നാലെ പോകുകയും സ്ഥാപനവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നത് സഭയുടെ യഥാര്‍ത്ഥ ശൈലിയല്ല. വിശുദ്ധരെ മാതൃകകളാക്കി സ്ഥാപനങ്ങളും ശുശ്രൂഷകളും നടത്തുമ്പോള്‍ പലപ്പോഴും നഷ്ടമാകുന്നത് വിശുദ്ധരുടെ ജീവിതമാതൃകകള്‍ തന്നെയാണ്. വിശുദ്ധരുടെ പേരുകള്‍ മാത്രം നിലനില്ക്കുകയും ആശയങ്ങള്‍ ചോര്‍ന്നുപോകുകയും ചെയ്യുന്ന വര്‍ത്തമാനകാലത്തിലെ ചില അപകടങ്ങളെ ഒഴിവാക്കി വിശുദ്ധര്‍ക്കനുസൃതമായി ജീവിതം നയിക്കുകയാണ് സഭയുടെയും സഭാംഗങ്ങളുടെയും മുമ്പിലുള്ള മാര്‍ഗ്ഗം. അത്തരമൊരു സാധ്യതയിലേക്ക് നമ്മെ ക്ഷണിക്കുകയാണ് ഈ കൃതി. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിലൂടെ അവരുടെ ജീവിതമാതൃക ഉയര്‍ത്തിക്കാണിക്കുകയും അനുകരിക്കാനുള്ള ആഹ്വാനം നല്കുകയുമാണ് സഭ ലക്ഷ്യമാക്കുന്നത് എന്ന കാര്യവും മറക്കാതിരിക്കാം.
Comments