സീറോ മലബാര്‍ ആരാധനക്രമവും ഫ്രാന്‍സിസ്‌കന്‍ ആധ്യാത്മികതയും എന്ന ജോസഫ് എഴുത്തുപുരയ്ക്കല്‍ കപ്പൂച്ചിന്റെ പുസ്തകം ഒരു സഭാസ്‌നേഹിയും ചരിത്രാന്വേഷിയും ഒരുമിച്ചു ചേര്‍ന്നു നടത്തുന്ന യാത്രയാണ്. കാരണം പേരു സൂചിപ്പിക്കുന്നതുപോലെ സീറോ മലബാര്‍ ആരാധനക്രമവും ഫ്രാന്‍സിസ്‌കന്‍ ആധ്യാത്മികതയും തമ്മിലുള്ള ബന്ധമാണ് ഈ കൃതി ചര്‍ച്ച ചെയ്യുന്നത്. വിവിധ ഫ്രാന്‍സിസ്‌കന്‍ കുടുംബങ്ങളുടെ സീറോ മലബാര്‍ സഭാ പ്രവേശനത്തിന്റെയും സ്ഥാപനത്തിന്റെയും പൊതുചിത്രമാണ് പുസ്തകം അനാവരണം ചെയ്യുന്നത്. സീറോ മലബാര്‍ സഭ സൂക്ഷിക്കുന്ന ആന്തരിക ജീവിതവും അസ്സീസിയിലെ ഫ്രാന്‍സിസ് ജീവിക്കുകയും മുന്നോട്ടുവയ്ക്കുകയും ചെയ്ത ആധ്യാത്മികതയും തമ്മിലുള്ള ബന്ധമാണ് ഗ്രന്ഥകാരന്‍ ഇവിടെ ഗവേഷണ ബുദ്ധ്യാ അവതരിപ്പിക്കുന്നത്.
നാലു പ്രധാന ഭാഗങ്ങളാണ് പുസ്തകത്തിനുള്ളത്. ഒന്നാം ഭാഗത്തില്‍ സീറോ മലബാര്‍ സഭയിലെ ഇന്നത്തെ ഫ്രാന്‍സിസ്‌കന്‍ കുടുംബങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഉള്ളത്. ഭാരതത്തിലെ ഫ്രാന്‍സിസ്‌കന്‍ സഭക്കാര്‍, സീറോ മലബാര്‍ സഭയില്‍ ഉത്ഭവിച്ച ഫ്രാന്‍സിസ്‌കന്‍ കുടുംബങ്ങള്‍, സീറോ മലബാര്‍ സഭയില്‍ അടിസ്ഥാനമുള്ള ലത്തീന്‍ ഫ്രാന്‍സിസ്‌കന്‍ സഭകള്‍, സീറോ മലങ്കര സഭയിലുള്ള ഫ്രാന്‍സിസ്‌കന്‍ ചൈതന്യം, സെക്കുലര്‍ ഫ്രാന്‍സിസ്‌കന്‍ ഓര്‍ഡര്‍ എന്നിങ്ങനെ ആദ്യ വിഭാഗത്തെ പലതായി തിരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് നമുക്ക് പരിചയമുള്ള വിവിധ കോണ്‍ഗ്രിഗേഷനുകളില്‍ പലതിന്റെയും അടിസ്ഥാനമായി നിലയുറപ്പിച്ചിരിക്കുന്നത് ഫ്രാന്‍സിസ്‌കന്‍ ആധ്യാത്മികതയാണെന്നത് ഭൂരിപക്ഷം വായനക്കാര്‍ക്കും പുത്തന്‍ അറിവായിരിക്കും.
സീറോ മലബാര്‍ സഭയും അതിന്റെ ആധ്യാത്മികതയുടെ ഘടകങ്ങളും എന്നതാണ് രണ്ടാം ഭാഗം. സീറോ മലബാര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ സഭയുടെ ഉത്ഭവവും പരിണാമവും സീറോ മലബാര്‍ സഭയുടെ പ്രധാന ആധ്യാത്മിക ഘടകങ്ങളും വിശദമാക്കുന്ന ഈ ഭാഗം സഭാംഗങ്ങള്‍ക്ക് സ്വന്തം പൈതൃകത്തോട് മതിപ്പും സ്‌നേഹവും വര്‍ദ്ധിക്കാന്‍ കാരണമായി മാറിയേക്കാം.
ക്രിസ്തുവിന്റെ മനുഷ്യത്വത്തിന്റെ രഹസ്യങ്ങളുടെ ആഘോഷം സീറോ മലബാര്‍ സഭയില്‍ എന്നതാണ് മൂന്നാംഭാഗം. ക്രിസ്തുവിന്റെ മനുഷ്യത്വത്തെക്കുറിച്ച് അസ്സീസിയിലെ ഫ്രാന്‍സിസിന്റെ കാഴ്ചപ്പാടാണ് നാലാം ഭാഗത്ത് അപഗ്രഥന വിധേയമാക്കുന്നത്.
സീറോ മലബാര്‍ സഭാംഗങ്ങളായ യുവാക്കളുടെ ആധ്യാത്മികവും സന്യസ്തവുമായ പരിശീലനത്തില്‍ ഏറെ വര്‍ഷങ്ങളായി ഏര്‍പ്പെട്ടിരിക്കുന്ന ആള്‍ കൂടിയാണ് ഗ്രന്ഥകര്‍ത്താവ്. സീറോ മലബാര്‍ സഭയുടെ ആത്മാര്‍ത്ഥതയുള്ള വിശ്വാസിയെന്ന നിലയിലും അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ കാലടികളെ അനുധാവനം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു ഫ്രാന്‍സിസ്‌കന്‍ സന്യാസിയെന്ന നിലയിലുമുള്ള സ്വന്തം അനുഭവങ്ങളെ ആശ്രയിച്ച് എഴുതിയിരിക്കുന്നതുകൊണ്ട് ഈ ഗ്രന്ഥത്തിന് പുതുമയും മൗലികതയുമുണ്ട് എന്ന് അവതാരികയില്‍ ഫാ. ബനഡിക്ട് വടക്കേക്കര എഴുതിയിരിക്കുന്നത് അക്ഷരം പ്രതി ശരിയാണെന്ന് ഈ പുസ്തകം വായിച്ചവസാനിപ്പിക്കുമ്പോള്‍ വായനക്കാരനും പറഞ്ഞുപോകും.
Comentarios