അനേകം ട്വിസ്റ്റുകള്‍ നിറഞ്ഞതാണ് ഓരോ ജീവിതങ്ങളും. സാധാരണ പോലെയോ ഒരുപക്ഷേ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായോ ജീവിച്ചുപോകുമ്പോഴായിരിക്കും അപ്രതീക്ഷിതമായ ഒരു ഇടപെടല്‍ ആ ജീവിതത്തില്‍ സംഭവിക്കുന്നത്. അപ്രതീക്ഷിതമെന്നോ അവിചാരിതമെന്നോ മാനുഷികമായി നാം വിലയിരുത്തുമ്പോഴും അത് അങ്ങനെയല്ലെന്ന് ഇത്തിരിയൊക്കെ ആത്മീയതയുടെ വെള്ളിവെളിച്ചമുള്ള ഒരാള്‍ പറഞ്ഞുപോകും. അല്ലെങ്കില്‍ പറയൂ, അസ്സീസിയിലെ നഗരവീഥികളിലൂടെ അലസനും ആനന്ദതുന്ദിതലതനുമായി ജീവിച്ച ഒരു ചെറുപ്പക്കാരന്‍ ഇന്ന് അള്‍ത്താരകളില്‍ വണങ്ങപ്പെടാന്‍ അനുയോജ്യനായി മാറിയത് എങ്ങനെയായിരുന്നു? അതേതുതരം അത്ഭുതമായിരുന്നു?
വസ്ത്രവ്യാപാരിയായ അസ്സീസിയിലെ കച്ചവടക്കാരന്‍ പീറ്റര്‍ ബര്‍ണാര്‍ദിന്റെ മകന്റെ ജീവിതത്തില്‍ സംഭവിച്ചത് അതാണ്. ലോകത്തെക്കുറിച്ചു മാത്രം ചിന്തിച്ചു ജീവിച്ചവന്‍. ലോകത്തിന്റെ സന്തോഷങ്ങളിലും സൗഭാഗ്യങ്ങളിലും മാത്രം കണ്ണുടക്കി നടന്നിരുന്നവന്‍. വിരുന്നുകളും ആഘോഷങ്ങളുമായി പാട്ടും നൃത്തവുമായി മറ്റുള്ളവര്‍ക്കുള്ള കൗതുകങ്ങളും ആനന്ദങ്ങളുമായി ജീവിച്ചവന്‍. അവന്റെ ജീവിതമാണ് ഇരുട്ടിവെളുക്കും മുമ്പ് തലകീഴായി മറിഞ്ഞത്.
തലകീഴായി മറിഞ്ഞ ആ ജീവിതത്തിന്റെ കാച്ചിക്കുറുക്കിയ രൂപമാണ് ബിജു ഇളമ്പച്ചംവീട്ടില്‍ കപ്പൂച്ചിന്‍ എഴുതിയ അസ്സീസിയിലെ ഫ്രാന്‍ചെസ്‌ക്കോ എന്ന കൃതി. അസ്സീസിയിലെ ഫ്രാന്‍സീസിന്റെ ജീവിതത്തെ മലയാളത്തില്‍ ഇതിനകം പലരും അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഈ കൃതി. കൃതിയുടെ ലാളിത്യവും സംഗ്രഹതയുമാണ് അതിന് കാരണം.
ജീവചരിത്രങ്ങള്‍ ചിലപ്പോഴെങ്കിലും ആഴത്തിലും പരപ്പിലും ജീവിതത്തെ അവതരിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ വിരസവും ചരിത്രപരവുമായിമാറാറുണ്ട്. അത്തരം സ്ഥൂലതകളൊന്നും ഈ ജീവചരിത്രത്തെ ബാധിച്ചിട്ടില്ല ഒറ്റയിരിപ്പിന് വായിച്ചുതീര്‍ക്കാവുന്നവിധത്തില്‍ ഫ്രാന്‍സിസിന്റെ ജീവിതംപോലെ തന്നെ സരളവും സുന്ദരവുമാണ് രചനാരീതി. വളച്ചുകെട്ടലുകളോ ആലങ്കാരികതയോ ഇല്ല. ഏച്ചുകെട്ടലുകളുമില്ല. വളരെ ചെറിയ 13 അധ്യായങ്ങള്‍. എന്നാല്‍ അവയ്‌ക്കോരോന്നിനും ക്രമാനുഗതമായ വളര്‍ച്ചയും നൈരന്തര്യവുമുണ്ട്, ഓരോരുത്തരുടെയും ജീവിതം പോലെ തന്നെ.
ഒരു കാലത്ത് ലൗകികതയില്‍ ജീവിക്കുകയും പിന്നീട് ആത്മീയതയില്‍ വളര്‍ന്നുപന്തലിക്കുകയും ചെയ്ത ഫ്രാന്‍സിസിന്റെ ഈ ജീവിതപരിണാമത്തിലൂടെ കടന്നുപോകുന്ന ഒരു വായനക്കാരന്‍ ജീവിതമേ നീ എന്ത് എന്ന് അത്ഭുതം കൂറാതെയിരിക്കില്ല. ഫ്രാന്‍സിസിന്റെ ജീവിതം എന്തുകൊണ്ട് ഇങ്ങനെയെല്ലാം പരിവര്‍ത്തനവിധേയമായി എന്നതിന് തുടക്കം തന്നെ ഗ്രന്ഥകാരന്‍ നല്കുന്ന നിരീക്ഷണവും ശ്രദ്ധേയമായി തോന്നി. 'ലോകത്തിന്റെ പാതയിലൂടെ നടന്നുനീങ്ങുമ്പോഴും കൃപ നിറഞ്ഞ ജീവിതം നയിക്കുന്നതില്‍ ഫ്രാന്‍സിസ് വലിയ വീഴ്ച വരുത്തിയിരുന്നില്ല.' അതെ, ലോകത്തിന്റെ പാതയിലൂടെ നടന്നുനീങ്ങുമ്പോഴും കൃപ നിറഞ്ഞ ജീവിതം നയിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന കൃതിയാണ് അസ്സീസിയിലെ ഫ്രാന്‍ചെസ്‌ക്കോ.
Comments