പുതിയകാലത്തെ ഫ്രാന്‍സിസ്

''ഫ്രാന്‍സിസ് എന്ന പേര് വെറുമൊരു പേരിനെക്കാള്‍ ഉന്നതമാണ്. അത് സഭയ്ക്കുവേണ്ടിയുള്ള ദൈവപദ്ധതിയാണ്. സഭയെ പുനരുദ്ധരിക്കാന്‍ ദൈവം അയച്ച രണ്ടാമത്തെ ഫ്രാന്‍സിസാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.''
ലെയനോര്‍ഡോ ബോഫ്
അസ്സീസിയിലെ ഫ്രാന്‍സിസും അര്‍ജന്റീനയിലെ കര്‍ദിനാള്‍ ബെര്‍ഗോളിയോയും തമ്മില്‍ എന്താണ് ബന്ധം? അല്ലെങ്കില്‍ അവരെ തമ്മില്‍ ചേര്‍ത്തുനിര്‍ത്തുന്ന പ്രധാന ഘടകം എന്താണ്? സവിശേഷമായ ഒരു വിഷയവും അന്വേഷണവുമാണ് അത്.
2013 മാര്‍ച്ച് 13 ന് ആഗോള കത്തോലിക്കാസഭയ്ക്ക് പുതിയൊരു മാര്‍പാപ്പയെ ലഭിച്ചപ്പോള്‍ അതുവരെയുള്ള സഭയുടെ ചരിത്രം തിരുത്തി തന്റെ പേര് ഫ്രാന്‍സിസാണെന്ന് വ്യക്തമാക്കിയപ്പോള്‍ മുതല്‍ സഭാസ്‌നേഹികളായ ആളുകള്‍ ആ രണ്ടു വ്യക്തികളെയും തമ്മില്‍ ചേര്‍ത്തുനിര്‍ത്തി ഒരു അന്വേഷണം ആരംഭിച്ചിരുന്നു. എന്താണ് ഇവര്‍ക്കിടയില്‍ സജീവമായി നില്ക്കുന്നത്? എന്താണ് ഇവര്‍ക്കിടയിലെ ഏകാന്തപ്പൊരുത്തം? എങ്ങനെയാണ് ആഗോളകത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ അസ്സീസിയിലെ ഫ്രാന്‍സിസുമായി സാമ്യത്തിലാകുന്നത്?
ഇത്തരമൊരു അന്വേഷണവും താരതമ്യവും നടത്തുന്ന കൃതിയാണ് വിനായക് നിര്‍മ്മലിന്റെ ഫ്രാന്‍സിസ് അന്നും ഇന്നും. എന്നാല്‍ പരമ്പരാഗതമായ രീതിയില്‍ ചേരുംപടി ചേര്‍ക്കുന്ന വിധത്തിലുള്ള വിശേഷണങ്ങളോ ചേരുവകളോ കൊണ്ടല്ല ഗ്രന്ഥകാരന്‍ ഇവിടെ താരതമ്യം നടത്തുന്നത്. മറിച്ച് അസ്സീസിയിലെ ഫ്രാന്‍സിസിനെ അറിയാവുന്നവരുടെ മുമ്പിലേക്ക് വത്തിക്കാനിലെ ഫ്രാന്‍സിസിന്റെ ചെയ്തികളെയും വാക്കുകളെയും ജീവിതസമീപനങ്ങളെയും അവതരിപ്പിച്ചുകൊണ്ട് ഓരോ വായനക്കാരനും ഇവര്‍ തമ്മിലുള്ള സാമ്യങ്ങളെയും വൈജാത്യങ്ങളെയും സ്വയം കണ്ടെത്തട്ടെ എന്ന നിലപാടാണ് ഗ്രന്ഥകാരന്‍ പുലര്‍ത്തുന്നത്. ഒരുപക്ഷേ രണ്ടു ഫ്രാന്‍സിസുമാരെയും ബന്ധിപ്പിച്ചുകൊണ്ടുള്ള വേറെയും പുസ്തകങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ടാവാം. എന്നാല്‍ അതില്‍ നിന്ന് ഈ കൃതിയെ വ്യത്യസ്തമാക്കുന്നത് മേല്‍പ്പറഞ്ഞ പ്രത്യേകത തന്നെയാണ്.
സഭയില്‍ തന്നെ വിശുദ്ധരായ അനേകം ഫ്രാന്‍സിസുമാരുള്ളപ്പോള്‍ ഏതു ഫ്രാന്‍സിസിന്റെ പേരാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന സന്ദേഹത്തിന് അസ്സീസിയിലെ ഫ്രാന്‍സിസ് എന്നാണ് കര്‍ദിനാള്‍ ബെര്‍ഗോളിയോ മറുപടി നല്കിയത്. അതൊരു വ്യക്തമായ നിലപാടായിരുന്നു. ജീവിതവീക്ഷണമായിരുന്നു. സഭയ്ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ സഭയെ നവീകരിച്ച വ്യക്തിയായിരുന്നു