സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍

വിശ്വം മുഴുവനും വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് അത്. സര്‍വ്വജനങ്ങള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന. ഫ്രാന്‍സിസ് അസ്സീസിയുടേത് എന്ന് വിശ്വസിക്കപ്പെടുന്ന സമാധാന പ്രാര്‍ത്ഥനയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. നിങ്ങള്‍ ഏതു മതത്തില്‍ വിശ്വസിക്കുന്നുവെന്നതു മാത്രമല്ല മതത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ പോലും നെടുവീര്‍പ്പുപോലെ ഏറ്റു ചൊല്ലാവുന്ന ഒന്നത്രെ ഇത്.

ഈ പ്രാര്‍ത്ഥനയുടെ പിന്നിലെ ഏറ്റവും വിശേഷപ്പെട്ട കൗതുകം ഫ്രാന്‍സിസ് അസ്സീസി തന്നെയാണോ ഈ പ്രാര്‍ത്ഥന രചിച്ചിരിക്കുന്നത് എന്ന ആശങ്കയാണ്. പുണ്യവാന്‍ തന്നെയാണ് പ്രാര്‍ത്ഥനയുടെ കര്‍ത്താവ് എന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ ഫ്രാന്‍സിസ് മരിച്ച് നൂറു വര്‍ഷം കഴിഞ്ഞാണ് ഈ പ്രാര്‍ത്ഥന രചിക്കപ്പെട്ടതെന്ന് മറ്റൊരു കൂട്ടര്‍ വാദിക്കുന്നു.

ഏകാഭിപ്രായം ഇല്ലാത്തതുകൊണ്ടും തെളിവുകളുടെ കുറവുകള്‍ ഉളളതിനാലും ഏതെങ്കിലും ഒരു ഗണത്തില്‍ ചേരാന്‍ നമുക്ക് കഴിയുന്നില്ലെന്നതാണ് വാസ്തവം. പ്രാര്‍ത്ഥനയുടെ കര്‍ത്തൃത്വം ആരുടേതുമായിരുന്നുകൊള്ളട്ടെ പക്ഷേ അതിനെ ഫ്രാന്‍സിസിന്റെ മേല്‍ ചേര്‍ത്തുവച്ചതിലുണ്ട് ഫ്രാന്‍സിസിന്റെ ജീവിതം മുഴുവന്‍ പ്രതിബിംബിക്കുന്ന സൗന്ദര്യത്തിന്റെ തികവ്.

ഒരു പക്ഷേ ഫ്രാന്‍സിസിന് മാത്രമേ ഇങ്ങനെയൊരു പ്രാര്‍ത്ഥന രചിക്കാന്‍ കഴിയൂ എന്ന വിശ്വാസം അന്നേ പ്രബലമായിരുന്നുവെന്നതിനും ഇതുതന്നെ തെളിവ്.

സമാധാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ലോകത്തിലാണ് നാം ജീവിച്ചിരിക്കുന്നത്. കുടുംബത്തിലും സമൂഹത്തിലും തൊഴിലിടങ്ങളിലുമെല്ലാം എത്രയെത്ര അസമാധാനക്കേടുകളുമായിട്ടാണ് നാം ഓരോ ദിനവും മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുന്നത്. സമാധാനം നഷ്ടമാകുന്നതാണ് സന്തോഷം ഇല്ലാത്തതിന് കാരണം. അവനവരോടുള്ള സമാധാനം തന്നെ ഇതില്‍ പ്രധാന പങ്കുവഹിക്കുന്നു. സ്വയം സമാധാനം ഇല്ലാത്തതുകൊണ്ടാണ് നാം മറ്റുള്ളവര്‍ക്കും അസമാധാനം നല്കുന്നത്.

സ്വയം തിരിച്ചറിവിന്റെ പ്രാര്‍ത്ഥനയാണ് സമാധാനപ്രാര്‍ത്ഥന. പരിണാമം ഉണ്ടാകേണ്ടത് തന്റെ തന്നെ ഉള്ളിലാണെന്നുള്ള വലിയ തിരിച്ചറിവിലേക്കാണ് അത് നമ്മെ നയിക്കുന്നത്. നമ്മുടെ പ്രാര്‍ത്ഥനകള്‍ പലതും മറ്റുള്ളവര്‍ക്കുവേണ്ടിയാകുമ്പോള്‍ അല്ലെങ്കില്‍ നിര്‍ദ്ദിഷ്ട കാര്യസാധ്യത്തിന് വേണ്ടിയുള്ളതാകുമ്പോള്‍ സമാധാനപ്രാര്‍ത്ഥന ഒരു സ്വയം അഴിച്ചുപണിക്ക് പ്രേരിപ്പിക്കുന്നവയാണ്. മാറ്റം എന്നിലാണ് ആരംഭിക്കേണ്ടതെന്ന ബോധ്യമാണ് ആ പ്രാര്‍ത്ഥന നല്കുന്നത്. സ്വയം മാറുന്നതിന് പകരം മറ്റുള്ളവരെ മാറ്റുന്നതിലാണ് എല്ലാവരുടെയും ശ്രദ്ധ. എന്നാല്‍ സമാധാനപ്രാര്‍ത്ഥന ആഹ്വാനം ചെയ്യുന്നത് എന്നില്‍ മാറ്റം ഉണ്ടാവണമേയെന്നാണ്.

വ്യക്തിപരമായി ഉണ്ടാകുന്ന ഈ മാറ്റവും തിരിച്ചറിവും സമൂഹത്തെയും കുടുംബത്തെയും നടപ്പുരീതികളില്‍ നിന്ന് മാറിനടക്കാന്‍ പ്രേരിപ്പിക്കുക തന്നെ ചെയ്യും. അതുപോലെ മറ്റുള്ളവരില്‍ നിന്ന് പ്രതീക്ഷിക്കുന്നവരാണ് നമ്മള്‍. കൊടുക്കാതെ തിരികെപ്രതീക്ഷിക്കും. പക്ഷേ സമാധാനപ്രാര്‍ത്ഥന നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് കൊടുക്കുമ്പോഴാണ് തിരികെ ലഭിക്കുന്നത് എന്നാണ്. ക്ഷമിക്കുമ്പോള്‍ ക്ഷമിക്കപ്പെടും. പരസ്പരബന്ധിതമാണ് ഓരോന്നും.

സമാധാനപ്രാര്‍ത്ഥനകളിലൂടെയുള്ള സവിശേഷമായ ധ്യാനസഞ്ചാരമാണ് സമാധാനപ്പിറാവായ് നിന്നിലേക്ക് എന്ന കൃതി. ഉഷ യേശുദാസന്‍ എഴുതിയ കൃതിയെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നത് എലിസബത്ത് കോശിയാണ്. സമാധാനപ്രാര്‍ത്ഥനയിലെ ഓരോ വരികളെയുമെടുത്തുകൊണ്ടുള്ള ധ്യാനവിചിന്തനമാണ് ഗ്രന്ഥകര്‍ത്രി ഇവിടെ നടത്തിയിരിക്കുന്നത്. സവിശേഷമായ നീക്കവും അഭിനന്ദനം അര്‍ഹിക്കുന്ന അദ്ധ്വാനവുമാണ് ഗ്രന്ഥകാരിയുടേത്. ഒരു പേജില്‍ ഒതുങ്ങുന്ന സമാധാനപ്രാര്‍ത്ഥനയെ ഒരു പുസ്തകത്തിലേക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയുന്നവിധത്തിലുള്ള ധ്യാനങ്ങള്‍ കൊണ്ട് ഈ കൃതി സമ്പന്നമാകുന്നു.

ആമുഖക്കുറിപ്പില്‍ ഒരിടത്ത് പറയുന്നതുപോലെ ഒറ്റയടിക്ക് വായിച്ചുതീര്‍ത്ത് മടക്കിവയ്ക്കാനുള്ളതല്ല, വിശുദ്ധ ഗ്രന്ഥം പോലെ ഓരോ ദിവസവും വായിച്ച് ധ്യാനിക്കാനുള്ളതാണ് ഈ കൃതി. നമ്മുടെ ഉള്ളില്‍ പിറവിയെടുക്കുകയും വളരുകയും ചെയ്യുന്ന സൗഖ്യത്തിന്റെ അനുഭവം നല്കാന്‍ കഴിയുന്ന പുസ്തകം. ഗ്രന്ഥകാരിയുടെ വാക്കുകള്‍ കടമെടുത്ത് പറയട്ടെ:

'ഈ പ്രാര്‍ത്ഥന ഞാന്‍ വീണ്ടും വീണ്ടും വായിച്ചപ്പോള്‍ അതെന്റെ മനസ്സില്‍ അഗാധമായി മുഴങ്ങി. ഓരോ തവണ അത് വായിക്കുമ്പോഴും സത്യമായും മറ്റുള്ളവര്‍ക്ക് ഒരുനുഗ്രഹമായിത്തീരുംവിധം എങ്ങനെ എനിക്ക് ധന്യമായ ഒരു വ്യക്തിജീവിതം നയിക്കാമെന്നും എങ്ങനെ ജീവിക്കാമെന്നും അതെന്നെ കാണിച്ചുതന്നു. അതെന്റെ സ്വകാര്യപ്രാര്‍ത്ഥനയായിത്തീര്‍ന്നു. അത് മറ്റുള്ളവരുമായി പങ്കിട്ടേ തീരു എന്ന് തോന്നുംവിധം പ്രാര്‍ത്ഥന എന്നെ ആവേശഭരിതയാക്കുകയും ഉത്സാഹിപ്പിക്കുകയും ചെയ്തു. ഇത് ഒരേ സമയം ഒരു ഗ്രൂപ്പിന് ഒന്നിച്ച് ധ്യാനിക്കാന്‍ ഉചിതമായ സ്വകാര്യപ്രാര്‍ത്ഥനയും സമൂഹപ്രാര്‍ത്ഥനയും ആയതിനാല്‍ ആഴ്ചതോറുമുള്ള ചിന്തകള്‍ക്കടിസ്ഥാനമായി ഈ പ്രാര്‍ത്ഥന തിരഞ്ഞെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ നമ്മുടെ നിത്യജീവിതത്തില്‍ എത്ര വ്യത്യസ്ത രീതികളില്‍ ഈ ചിന്ത വ്യാഖ്യാനിക്കാന്‍ കഴിയുമെന്ന് നോക്കിക്കാണാനുള്ള അവസരം നമുക്ക് ലഭിക്കുംവിധം ഈ പ്രാര്‍ത്ഥനയുടെ ഓരോ വരിയെക്കുറിച്ച് ഓരോ മാസവും ചിന്തിക്കാന്‍ ഞാന്‍ തീരുമാനിച്ചു.....'

ഇനി തീര്‍ച്ചയായും വിശുദ്ധ ഗ്രന്ഥത്തിനൊപ്പം ഈ പുസ്തകവും നിങ്ങളുടെ വീട്ടിലുണ്ടായിരിക്കണം. മറ്റൊരുതരത്തില്‍ ഇത് തിരുവചനം തന്നെയാണ്, സുവിശേഷവുമാണ്. എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് നല്കുന്നുവെന്നും സമാധാനത്തോടെ പൊയ്‌ക്കൊള്ളുക എന്നുമെല്ലാമാണല്ലോ ക്രിസ്തുവിന്റെ വാക്കുകള്‍. ആ വാക്കുകളുടെ പൊരുള്‍ അടങ്ങിയിരിക്കുന്ന കൃതിയാണ് സമാധാനപ്പിറാവായ് നിന്നിലേക്ക്. ഇതിന്റെ വായനയും ധ്യാനവും ഉള്ളില്‍ സമാധാനം നിറയ്ക്കുകയും മറ്റുള്ളവരിലേക്ക് സമാധാനം പകരുകയും സമാധാനപൂര്‍വ്വമായ ജീവിതം നമുക്ക് സമ്മാനിക്കുകയും ചെയ്യും. അതുകൊണ്ട് നിങ്ങള്‍ ആയിരിക്കുന്നത് ഏത് ഇടത്തിലുമായിരുന്നുകൊള്ളട്ടെ അവിടെ തീര്‍ച്ചയായും ഈ പുസ്തകം ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ മടിക്കരുത്.20 views0 comments

Atma Books

Shop

Socials

Be The First To Know

Pavanatma publishers,
St. Alphonsa Capuchin Ashram, KOZHIKODE,

KL 673016, IN

09846124800

Sign up for our newsletter

Copyright © 2018 pavanatma publishers pvt ltd - All Rights Reserved.