atma books

Aug 17, 20232 min

August 18 - St. Helena ആഗസ്റ്റ് -18വിശുദ്ധ ഹെലേന (+328)

ഏ.ഡി. 313-ല്‍ മിലാനിലെ സുപ്രസിദ്ധമായ വിളംബരം വഴി ക്രിസ്തുമതത്തിന് റോമന്‍ സാമ്രാജ്യത്തില്‍ സ്വാതന്ത്ര്യം നല്‍കിയ കോണ്‍സ്റ്റന്റയില്‍ ചക്രവര്‍ത്തിയുടെ അമ്മയാണ് വി. ഹെലേന രാജ്ഞി. ഹെലേനായുടെ സ്വദേശം പഴയ യൂഗോസ്ലാവിയായില്‍ നൈസ്സാന്‍ ആയിരുന്നു. ഹെലേന ഒരു ഇംഗ്ലീഷുകാരിയാണെന്നും പറയപ്പെടുന്നു. റോമന്‍ വംശജനായ കോണ്‍സ്റ്റാന്‍സിയൂസിന്റെയും ഹെലേനായുടെയും മകനാണ് ലോകപ്രസിദ്ധനായ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി. അവരുടെ വിവാഹം നിയമാനുസൃണമല്ലായിരുന്നുവെന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. കോണ്‍സ്റ്റാന്‍സിയൂസ് പിന്നീട് തെയോഡോറയെ വിവാഹം കഴിച്ചു. കോണ്‍സ്റ്റന്റയിനെ സംരക്ഷിച്ചു വളര്‍ത്തിയത് ഹെലേന തന്നെയായിരുന്നു. അദ്ദേഹം 18-ാം വയസ്സില്‍ ഗലേരിയൂസ് ചക്രവര്‍ത്തിയുടെ സൈന്യത്തില്‍ ചേര്‍ന്ന് ഉന്നത പദവിയിലെത്തി. ഏ.ഡി. 306-ല്‍ അഗസ്റ്റസ് ആയി ഉയര്‍ന്നു.

ഏ.ഡി. 312-ല്‍ മില്‍മിയന്‍ പാലത്തിനടുത്തു നടന്ന യുദ്ധം കോണ്‍സ്റ്റന്റയിനിന്റെയും അമ്മ ഹെലേനായുടെയും ജീവിതത്തിന്റെ വഴിത്തിരിവായി.

കോണ്‍സ്റ്റന്റയിന്‍ തന്റെ ദേവനോട് പ്രാര്‍ത്ഥിച്ചു. എന്നാല്‍ സന്ധ്യ സമയത്ത് ആകാശത്തില്‍ അസ്തമയ സൂര്യന്റെ മുകളില്‍ ഒരു കുരിശിന്റെ ചിഹ്നം പ്രകാശിക്കുന്നതായി അദ്ദേഹം കണ്ടു. അതിനടുത്ത് 'ഈ ചിഹ്നമുപയോഗിച്ച് കീഴടക്കുക' എന്ന വാചകവും എഴുതപ്പെട്ടിരുന്നു. അന്ന് രാത്രിയില്‍ ക്രിസ്തു പ്രത്യക്ഷപ്പെട്ടു യുദ്ധത്തില്‍ സംരക്ഷണ കവചമായി ഈ അടയാളം സൈനികരുടെ കവചങ്ങളില്‍ വരയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്ന് ചരിത്രകാരനായ എവുസേബിയൂസ് രേഖപ്പെടുത്തിയിട്ടുണ്ട്. 'ക്രിസ്തുസ്', എന്ന ഗ്രീക്കു വാക്കിന്റെ ചുരുക്കം കവചങ്ങളില്‍ അടയാളപ്പെടുത്തിയിരുന്നതായും ചില ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്. ഏതായാലും യുദ്ധത്തില്‍ മാക്‌സെന്‍സിയൂസ് നിശേഷം പരാജയപ്പെട്ടു. സാമ്രാജ്യത്തിന്റെ പടിഞ്ഞാറുഭാഗം മുഴുവന്‍ കീഴടക്കിയ കോണ്‍സ്റ്റന്റയിന്‍ റോമന്‍ ചക്രവര്‍ത്തിയായി. തുടര്‍ന്ന് മിലാനില്‍ വച്ച് മറ്റൊരു അഗസ്റ്റസായ ലൂച്ചിനൂസുമായി രണ്ടുമാസം ചര്‍ച്ച ചെയ്തതിനുശേഷം ഏ.ഡി. 313 ഫെബ്രുവരി അവസാനം കോണ്‍സ്റ്റന്റയിന്‍ മിലാനിലെ വിളംബരം പുറപ്പെടുവിച്ചു. അതനുസരിച്ച് ക്രിസ്ത്യാനികള്‍ക്ക് മതസ്വാതന്ത്ര്യം ലഭിച്ചു. അവര്‍ക്ക് ആരാധനാലയങ്ങള്‍ സ്ഥാപിക്കാനും വസ്തുക്കള്‍ സൂക്ഷിക്കാനും സ്വാതന്ത്ര്യം കിട്ടി. കണ്ടുകെട്ടപ്പെട്ടവയെല്ലാം തിരിച്ചു കിട്ടി. അങ്ങനെ മൂന്നു നൂറ്റാണ്ടുകള്‍ നീണ്ട മതമര്‍ദ്ദനത്തിനു വിരാമമായി. ഇത് അടിച്ചമര്‍ത്തപ്പെട്ടവരും മര്‍ദ്ദിതരുമായ ക്രിസ്ത്യാനികളുടെ വിജയമായിരുന്നു. ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ സാമ്രാജ്യഭീകരതയുടെ മേല്‍ ക്രിസ്തുവിന്റെ വിജയം.

ഏ.ഡി. 313-മുതല്‍ ഹെലേന റോമന്‍ സാമ്രാജ്യത്തിലെ ആദ്യത്തെ ക്രിസ്ത്യന്‍ രാജ്ഞിയായി. രാജ്ഞിയുടെ അത്യുദാരമായ സഹായങ്ങളും ചക്രവര്‍ത്തിയുടെ സ്വാധീനവും ക്രിസ്തുമതത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. നിരവധി പള്ളികളാണ് രാജ്ഞി പണിയിച്ചത്.

ഏ.ഡി. 326-ല്‍ ഗാഗുല്‍ത്തായില്‍ ഒരു ദൈവാലയം നിര്‍മ്മിക്കാന്‍ അവിടുത്തെ മെത്രാനായിരുന്ന മക്കാരിയൂസിന് രാജ്ഞി കല്പന കൊടുത്തു. ദൈവാലയത്തിന്റെ പണി നേരിട്ടു കാണാനായി ജറുസലെമിലേക്ക് പരിവാരസഹിതം ഒരു പരിഹാര തീര്‍ത്ഥാടനം നടത്തി. അന്ന് രാജ്ഞിക്ക് 75 വയസ്സുണ്ടായിരുന്നെങ്കിലും യാത്രയ്ക്ക് അതു തടസ്സമായില്ല. യേശുവിന്റെ ജനനസ്ഥലമായ ബേസ്‌ലെഹെമില്‍ നിലവിലുണ്ടായിരുന്ന ഗ്രോട്ടോയ്ക്കു സമീപം രാജ്ഞി ഒരു ദൈവാലയം സ്ഥാപിച്ചു. യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം ദൈവാലയങ്ങള്‍ സ്ഥാപിച്ചതിനുശേഷമാണ് രാജ്ഞി സ്വദേശത്തേയ്ക്ക് മടങ്ങിയത്.

വി. ഹെലേന രാജ്ഞിയുടെ ഏറ്റവും വലിയ നേട്ടം ക്രിസ്തുവിന്റെ കുരിശു കണ്ടെത്തിയതാണ്. ഏ.ഡി. 132-133 കാലത്ത് യഹൂദവിപ്ലവത്തില്‍ റോമാക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ജറുസലെമിലെ ഗാഗുല്‍ത്തായില്‍ കുന്നുകൂടിയ ചപ്പും ചവറും മാലിന്യങ്ങളും ഹെലേന രാജ്ഞിയുടെ മേല്‍നോട്ടത്തില്‍ നീക്കപ്പെട്ടു. റോമന്‍ ദേവതയായ വീനസിന്റെ പ്രതിമയും മാറ്റി. അവിടെ നിന്ന് മൂന്നു കുരിശുകള്‍ കണ്ടെടുക്കപ്പെട്ടു. ക്രിസ്തുവിന്റെ കുരിശ് ഏതെന്ന് തിരിച്ചറിയാന്‍ മക്കാരിയൂസ് മെത്രാന്‍ ആ കുരിശുകള്‍ കൊണ്ട് രോഗികളെ സ്പര്‍ശിച്ചു. സ്പര്‍ശനമാത്രയില്‍ രോഗികള്‍ സുഖപ്പെട്ട കുരിശാണ് ക്രിസ്തുവിന്റേതെന്ന് അദ്ദേഹം ഉറപ്പാക്കി. ക്രിസ്തുവിന്റെ കുരിശു കണ്ടെത്തിയതില്‍ അഭിമാനം കൊണ്ട രാജ്ഞി അവിടെയൊരു ദൈവാലയം പണിയിച്ചു. അവയെല്ലാം ഏ.ഡി. 614-ല്‍ പേര്‍ഷ്യാക്കാര്‍ നശിപ്പിച്ചുവെങ്കിലും 1099-ല്‍ കുരിശു യുദ്ധക്കാര്‍ ജറുസലെം കീഴടക്കി നശിപ്പിക്കപ്പെട്ടവയെല്ലാം പുനരുദ്ധരിച്ചു.

റോമിലേക്കു തിരിച്ചു പോയ വി. ഹെലേന രാജ്ഞി തന്റെ കൊട്ടാരം വിശുദ്ധ കുരിശിന്റെ ദൈവാലയമാക്കി. അവിടെ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പുകള്‍ സ്ഥാപിക്കുകയുണ്ടായി. അതോടൊപ്പം കുരിശില്‍ തൂക്കിയ 'പീലാത്തോസിന്റെ' എഴുത്തു ഫലകവും സൂക്ഷിക്കപ്പെട്ടിരുന്നു. വി. ഹെലേന മെത്രാന്മാരോടും പുരോഹിതരോടും വളരെ ബഹുമാനം പ്രകടിപ്പിച്ചിരുന്നു. വി. ഹെലേന ചായപ്പണിക്കാരുടെയും ആണിയും സൂചിയും നിര്‍മ്മിക്കുന്നവരുടെയും മാധ്യസ്ഥയായി കണക്കാക്കപ്പെടുന്നു.

വിചിന്തനം: ക്രൂരമതപീഡകരായ ചക്രവര്‍ത്തിമാരുടെ കുടുംബത്തോട് ബന്ധപ്പെട്ട ഹെലേനാ രാജ്ഞിക്ക് കുരിശിനോടുള്ള ഭക്തി അതുല്യമാണ്. ''കുരിശേ, എന്റെ ഏക അഭയമേ സ്വസ്തി'' (വി. തോമസ് അക്വീനാസ്).

''രണ്ടായിരത്തോളമാണ്ടുകള്‍ക്കപ്പുറത്തുണ്ടായൊരാ

മഹാത്യാഗത്തെയിപ്പഴും

മൂകമാണെങ്കിലും ഉച്ചത്തില്‍ വര്‍ണ്ണിക്കും

ഏകമുഖമാം കുരിശിനെ മുത്തുവാന്‍

ആരാരിറങ്ങിവരും ചില മാലാഖമാരായ്

വരാം കണ്ട വെണ്മുകില്‍ തുണ്ടുകള്‍.''

(മഹാകവി ജി. ശങ്കരക്കുറുപ്പ്)

മറ്റു വിശുദ്ധര്‍:-

1. അഗാപിറ്റസ് ര. + 274 പാലസ്തീനായില്‍ കര്‍ത്താവിനെ ഏറ്റു പറഞ്ഞ് രക്തസാക്ഷിത്വം വരിച്ച 15 വയസ്സുള്ള കുട്ടി.

2. ജോണും ക്രിസ്പുസും ര.ര. റോമാ.

3. ഫെര്‍മിനൂസ് (+490) മെറ്റ്‌സിലെ മെത്രാന്‍

4. ഹ്യൂ (1246-1255)

5. ആല്‍ബെര്‍ട്ടോ (1901-1952).

This is an extract from Daily Saints Published by Atma Books. Click here to get the book.

    50
    0